വണ്ണപ്പുറം: കാമുകനൊപ്പം ഒളിച്ചോടിയ 32 കാരിയെ കോടതി റിമാൻഡ് ചെയ്തു. ആലക്കോട് സ്വദേശിയും മൂന്ന് പെണ്‍കുട്ടികളുടെ അമ്മയുമായ യുവതിയാണ് കാളിയാർ സ്വദേശിയും വിവാഹിതനുമായ 40 കാരനൊപ്പം നാടുവിട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവത്തിൽ കാളിയാർ പോലീസിന് പരാതി ലഭിക്കുന്നത്.
യുവതിയെ പന്നിമറ്റത്തെ ഒരു വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതേസമയം കാളിയാർ സ്വദേശി സ്ഥലത്തില്ലായിരുന്നു. യുവതിയെ ഇവിടെ ഏൽപ്പിച്ച ശേഷം ഇയാൾ മാറി നിൽക്കുകയാണെന്നാണ് വിവരം. ഇരുവരും ബന്ധുക്കളും കൂടിയാണ്. കോടതിയിൽ ഹാജരാക്കിയ യുവതി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് കാളിയാർ സ്വദേശിക്കൊപ്പം പോയതെന്ന് മൊഴി നൽകി.
ഇതോടെ കോടതി ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം യുവതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. പ്രായ പൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാട് വിട്ടതിനാണ് റിമാൻഡ്. മൂന്ന് കുട്ടികൾക്കും 10 വയസിൽ താഴെയാണ് പ്രായമെന്നും കോടതി നിരീക്ഷിച്ചു. കാളിയാർ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുതിയെ കസ്റ്റഡിയിൽ എടുത്തത്. രണ്ട് കുട്ടികളുടെ അച്ഛൻകൂടിയായ 40 കാരനെ പോലീസ് അന്വേഷിച്ച് വരികയാണ്.