നെടുങ്കണ്ടം: തൂക്കുപാലത്തുനിന്നു കാണാതായ പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും പുരുഷ സുഹൃത്തുക്കളെയും തമിഴ്നാട്ടിൽനിന്നും ഒഡീഷയിൽനിന്നുമായി പിടികൂടി. 15 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ പ്രത്യേക സ്ക്വാഡ് ഇവരെ കണ്ടെത്തിയത്.
അൻവറിനൊപ്പം പോയ പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ കരൂരിൽനിന്നും അൻഷാദിനൊപ്പം പോയ പെണ്‍കുട്ടിയെ ഒഡീഷയിലെ ഖണ്ഡഗിരിയിൽനിന്നുമാണു കണ്ടെത്തിയത്. അൻഷാദ് കൊല്ലം സ്വദേശിയാണ്. വിവാഹിതനാണെന്നും പറയുന്നു. തൂക്കുപാലത്തു ബാർബർ ഷോപ് നടത്തുകയാണ് ഇയാൾ. അൻവർ തൂക്കുപാലം സ്വദേശിയാണ്.
പുരുഷ സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടികളിൽ ഒരാൾ മുസ്ലിം സമുദായക്കാരിയും മറ്റെയാൾ ഹിന്ദു സമുദായക്കാരിയുമാണ്.
പെണ്‍കുട്ടികളെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിനു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണ സംഘം മൂന്നു ലക്ഷത്തോളം ഫോണ്‍ കോളുകളാണു പരിശോധിച്ചത്. ഇതിനിടെ, കമിതാക്കൾ വിലകുറഞ്ഞ ഫോണുകൾ വാങ്ങി സ്വിം ഇട്ട് ഉപയോഗിച്ച ശേഷം നശിപ്പിച്ചിരുന്നു. പുതിയ ഫോണുകൾ വാങ്ങി ഒാരോ തവണയും പുതിയ സ്വിമ്മുകളാണ് ഈ ഫോണിൽ ഉപയോഗിച്ചിരുന്നത്. ഇതും അന്വേഷണത്തിനു തടസം സൃഷ്ടിച്ചു.
നവംബർ 19ന് സ്കൂളിലേക്കു പുറപ്പെട്ട പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. പുരുഷ സുഹൃത്തുക്കൾ ഒരു ലക്ഷത്തോളം രൂപ അടക്കം സംഘടിപ്പിച്ചാണ് ഇവരോടൊപ്പം മുങ്ങിയത്. ഇവരുടെ ഫോണുകൾ തൂക്കുപാലത്തെ മൊബൈൽ ടവർ ലൊക്കേഷനിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തൂക്കുപാലത്തുനിന്നു കാണാതായ ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ഈ ഫോണ്‍ കോളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ആറു മാസം ബംഗളൂരുവിൽ തങ്ങിയ ശേഷം വിവാഹം കഴിഞ്ഞു മടങ്ങിവരാനാണു കമിതാക്കൾ പദ്ധതിയിട്ടത്.
പെണ്‍കുട്ടികൾക്കു പ്രായപൂർത്തിയാകാത്തതിനാൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, നെടുങ്കണ്ടം സിഐ സി. ജയകുമാർ, നെടുങ്കണ്ടം എസ്ഐ എസ്. കിരണ്‍, ജില്ലാ സൈബർ സെൽ എന്നിവരടങ്ങിയ സംഘമാണു കമിതാക്കളെ കണ്ടെത്തിയത്.