വിതുര: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി നാടുവിട്ട വീട്ടമ്മയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് വിതുര പോലീസ് കണ്ടെത്തി.
വിതുര സ്വദേശിനിയായ വീട്ടമ്മയേയും ഈരാറ്റുപേട്ട സ്വദേശിയായ സുബൈറിനെയും ബംഗ്ലാദേശ് അതിർത്തിയായ പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ നിന്നും പോലീസ് പിടികൂടി നാട്ടിലെത്തിച്ചു.
ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് പോലീസ് അന്വഷണം തുടങ്ങിയത്. കഴിഞ്ഞ ആറിന് മൂത്ത കുട്ടിയെ വീട്ടിൽ നിർത്തി ഇളയ രണ്ട് കുട്ടികളുമായി യുവതി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു.
തിരുവനന്തപുരം ബീമാപള്ളിയിൽ കാത്തുനിന്ന കാമുകനുമായി ആദ്യം വിജയവാഡയിലെത്തിയെങ്കിലും പോലീസ് പിൻതുടരുന്നു എന്ന് മനസിലായപ്പോൾ അന്വേഷണം വഴിതെറ്റിക്കാൻ സുഹൃത്തിനെ മൊബൈൽ ഫോൺ ഏൽപ്പിച്ച് മുങ്ങുകയായിരുന്നു.
പിൻതുടർന്നു വന്ന പോലീസ് സംഘം ഇവരുമായി ബന്ധമുള്ള എല്ലാ നമ്പരുകളും സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്ന് പശ്ചിമ ബംഗാളിൽ നിന്ന് മൊബൈൽ ടവർ ലൊക്കേഷൻ പോലീസിനു ലഭിച്ചിരുന്നു.
തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിലെ ദംഗൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തിയത്. മേസ്തിരിയായ കാമുകന് കീഴിൽ ജോലിചെയ്യുന്ന ദംഗൽ സ്വദേശിയുടെ വീട്ടിലാണ് ഇവർ ഒളിച്ചുകഴിഞ്ഞത്. വിതുര എസ്ഐ എസ്.എൽ.സുധീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്.
സിപിഓമാരായ ബിജു,ജവാദ് ,സൈബർ സെൽ അംഗങ്ങളായ ഹരിമോൻ, വി.എച്ച്.മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോലീസ് എത്തിയതറിഞ്ഞ് നാട്ടുകാർ സംഘടിച്ചതോടെ ഏറെ പണിപ്പെട്ടാണ് ഇരുവരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.