ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് ശമനമുണ്ടെങ്കിലും പൂർണമായും മഴ മാറാത്തതിനാൽ ജില്ലയിലെ മഴക്കെടുതി ദുരിതങ്ങൾക്ക് അറുതിയാകുന്നില്ല. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പകൽസമയങ്ങളിൽ കാര്യമായി മഴയുണ്ടായിരുന്നില്ലെങ്കിലും രാത്രി ശക്തമായ മഴ പെയ്തത് പലയിടങ്ങളിലും വീണ്ടും വെള്ളക്കെട്ടുണ്ടാക്കി. ജലം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യത്തിനുള്ള പോരായ്മകളാണ് പലയിടങ്ങളിലും ജനവാസകേന്ദ്രങ്ങളടക്കം വെള്ളക്കെട്ടിലാകാൻ കാരണം.
മഴക്കെടുതിമൂലം ഒരാഴ്ചയിലേറെയായി മുങ്ങിയ കുട്ടനാടിനെ രക്ഷിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും കൈകോർത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മന്ത്രിമാർ ഇന്നലെ ദുരിതാശ്വാസ ക്യാന്പുകളിലെത്തി ദുരിതബാധിതരുമായി സംസാരിക്കുകയും ക്യാന്പുകളിലെ പോരായ്മകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. റോഡ് ഗതാഗത മാർഗങ്ങൾ ഏറെക്കുറെ പൂർണമായും സ്തംഭിച്ച കുട്ടനാട്ടിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് നിലവിൽ ആശ്രയം.
പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികളും സജീവമാണ്. ജലഗതാഗതവകുപ്പും എൻആർഎച്ച്എമ്മും ചേർന്ന് ദുരിതബാധിത മേഖലയിൽ അടിയന്തിര വൈദ്യസഹായമെത്തിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള വാട്ടർ ആംബുലൻസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അടിയന്തിര വൈദ്യസഹായം വേണ്ട രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനാണ് ജല ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്.
മൂന്നു ജല ആംബുലൻസുകൾ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ സേവനത്തിനായെത്തിച്ചിട്ടുണ്ട്. ഒരെണ്ണം അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ഒരുക്കിയിട്ടുണ്ട്. മൂന്നു ഫ്ളോട്ടിംഗ് ഡിസ്പെൻസറികളും ദുരിതബാധിത മേഖലകളിൽ സേവനവുമായുണ്ട്. ദുരിതാശ്വാസ ക്യാന്പുകളിലടക്കം കഴിയുന്നവരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബയോടോയ്ലെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാന്പുകളിലും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലും ആവശ്യമായ ഭക്ഷ്യധാന്യങ്ങളെത്തുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിനുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ ക്യാന്പുകളിൽ നേരിട്ട് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമെത്തിച്ചുതുടങ്ങി.
കുടിവെള്ള ദൗർലഭ്യത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികളുമാരംഭിച്ചിട്ടുണ്ട്. ഇന്നലെ രണ്ട് ലോഡ് കുടിവെള്ളം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി സ്പോണ്സർമാർ എത്തിച്ചുനൽകിയിരുന്നു.
ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും ദുരിതബാധിതർക്ക് എല്ലായിടങ്ങളിലും എത്തിച്ച് നൽകുന്നതിനുള്ള കൃത്യമായ മേൽനോട്ടമടക്കമുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. നിലവിൽ 15 ദുരിതാശ്വാസ ക്യാന്പുകളും 464 ഭക്ഷ്യവിതരണ കേന്ദ്രങ്ങളുമാണ് കുട്ടനാട്ടിലുള്ളത്. 1,16,350 പേരാണ് ഈ കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നത്. ആലപ്പുഴ ജില്ലയിൽ 271 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.
അന്പലപ്പുഴ താലൂക്കിലാണ് ദുരിതാശ്വാസ ക്യാന്പുകളിലേറെയും. മാവേലിക്കര താലൂക്കുകളിൽ കഴിഞ്ഞ ദിവസം എട്ട് ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നിരുന്നു.