കന്പളക്കാട്: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കന്പളക്കാട് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയും മുട്ടിൽ പഞ്ചായത്തിലെ ഒരു സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപികയായി ജോലി ചെയ്യുന്ന നാലരയും ഒന്നരയും വയസുള്ള രണ്ട് മക്കളുടെ അമ്മയാണ് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ച് വന്നിരുന്നത്.
ഇതേതുടർന്ന് യുവതിയുടെ പിതാവാണ് കന്പളക്കാട് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഇൻസ്പെക്ടർ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാമുകനെതിരെ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്.
ഐപിസി 317, 109 വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. കാമുകനായ അജോഷിനൊപ്പം കഴിഞ്ഞ നാലുദിവസം ബത്തേരിയിൽ താമസിക്കുകയായിരുന്നു യുവതി.