കോട്ടയം: ‘ഞാൻ രണ്ട് മാസത്തേക്ക് ഒരു തീർഥാടനത്തിലാണ്. എന്നെ അന്വേഷിക്കേണ്ട, ഫോണിലും വിളിക്കേണ്ട’.
ദിവസങ്ങൾക്കു മുന്പ് കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാഴൂർ കാനത്തിനു സമീപം കാണാതായ പാസ്റ്റർ വീട്ടുകാർക്കായി എഴുതിയ കത്തിലെ വരികളാണിത്.
കത്ത് കിട്ടിയെങ്കിലും പാസ്റ്ററുടെ ബന്ധുക്കൾ അടങ്ങിയി രുന്നില്ല. അവർ പാസ്റ്ററെ കാണാനില്ലെന്നും പറഞ്ഞ് കറുകച്ചാൽ പോലീസിൽ പരാതി നല്കി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ പരിശോധന നടത്തിയപ്പോൾ പാസ്റ്റർ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു. ഇതോടെ മുണ്ടക്കയം സ്റ്റേഷനുമായി കറുകച്ചാൽ പോലീസ് ബന്ധപ്പെട്ടു.
സിസിടിവി കാമറകൾ പരിശോധിക്കാൻ ശ്രമമാരംഭിച്ചു.
ഈ സമയത്താണ് മുണ്ടക്കയം സ്റ്റേഷനിൽ ഒരു യുവതിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാസ്റ്ററുടെ തീർഥാടനം ഈ യുവതിയുമൊത്തുള്ള ഒളിച്ചോട്ടമാണെന്ന കാര്യം പുറംലോകമറിയുന്നത്.
ടാപ്പിംഗ് തൊഴിലാളിയായിരുന്ന പാസ്റ്റർ ദിവസത്തിൽ മുഴുവൻ സമയവും ഫോണിലായിരുന്നു. ടാപ്പിംഗിനിടെ എപ്പോഴും ചെവിയിൽ ഇയർ ഫോൺ ഉണ്ടാവും. ഈ സമയമത്രയും യുവതിയുമായി സല്ലാപത്തിലായിരുന്നു.
ആരെങ്കിലും അടുത്തു വന്നാൽ ഫോണിലൂടെ പ്രാർഥിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പാസ്റ്റർ സജീവമായിരുന്നു. ഇതിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്.
തുടർന്ന് ഫോണ് വിളികളിലൂടെയും ചാറ്റിംഗിലൂടെയും യുവതിയുമായി പാസ്റ്ററുടെ ബന്ധം വളരുകയായിരുന്നു.
യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മെബൈൽ നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ഇരുവരും നിരന്തരമായി ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
ഇരുവർക്കും വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 57 വയസ് പ്രായമുള്ള പാസ്റ്റർക്ക് വിവാഹിതരായ രണ്ടു മക്കളു ണ്ട്. ഭാര്യ വിദേശത്താണ്.
മകളുടെ പ്രായമുള്ള യുവതിയോടൊ ത്താണ് പാസ്റ്ററുടെ ഒളിച്ചോട്ടം.