സ്വന്തം ലേഖകൻ
ഒല്ലൂർ: കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും നരകയാതന സമ്മാനിച്ച് ഒല്ലൂർ റോഡ് ചെളിയിൽ മുങ്ങി. ഗതാഗതക്കുരുക്ക് നിത്യശാപമായ ഒല്ലൂർവഴിയുള്ള യാത്ര ഇപ്പോൾ ദുരിതയാത്ര കൂടിയാണ്. വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയാക്കി ടാറിംഗ് നടത്താത്തതിനാലാണ് മഴയെത്തിയതോടെ ഒല്ലൂർ റോഡ് ചെളിയിൽ മുങ്ങിയത്.
ഏപ്രിൽ നാലിന് ആരംഭിച്ച പണികൾ നാല്പതു ദിവസം കൊണ്ട് തീർക്കുമെന്നാണ് വാട്ടർ അഥോറിറ്റി അറിയിച്ചിരുന്നത്. ഇതുപ്രകാരം മേയ് 14ന് നാൽപതു ദിവസം പൂർത്തിയായി.
ഇതുകഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും പൈപ്പിടൽ പൂർത്തിയായിട്ടില്ല. ക്രിസ്റ്റഫർനഗർ മുതൽ ഒല്ലൂർ എസ്റ്റേറ്റ് വരെ പൈപ്പിടൽ പൂർത്തിയായെങ്കിലും എസ്റ്റേറ്റിനു സമീപം വാട്ടർ ടാങ്കിലേക്ക് കണക്ട് ചെയ്യുന്ന പണികൾ തീരാൻ ഇനിയും ഒരാഴ്ചയെടുക്കും. ഈ പണികൾക്കു ശേഷം പൈപ്പിൽ വെള്ളമൊഴുക്കി ലീക്ക് പരിശോധിച്ചശേഷമേ ടാറിംഗ് നടത്താൻ സാധിക്കുകയുള്ളൂ.
മഴകൂടി എത്തിയതോടെ എസ്റ്റേറ്റ് മുതൽ ക്രിസ്റ്റഫർ നഗർ വരെയുള്ള സ്ഥലം ഇപ്പോൾ പൂർണമായും ചെളിയിൽ മുങ്ങിക്കിടക്കുകയാണ്. കുഴന്പുപോലെയാണ് ചെളി. കാൽനടയാത്രക്കാർക്കു റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനക്കാർ റോഡിൽ തെന്നിവീണ് അപകടമുണ്ടാകുന്നുണ്ട്. ഭീതിയോടെയാണ് ഇരുചക്ര വാഹനയാത്രികർ ഈ വഴി പോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങൾ പൈപ്പിടൽ തീർത്ത ചാലിൽ താഴാനുള്ള സാധ്യതയും കൂടുതലാണ്.
നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിലുള്ള അധികൃതരുടെ അനാസ്ഥയാണ് സ്ഥിതിഗതികൾ ഇത്രയേറെ വഷളാവാൻ കാരണം.കാലവർഷം ആരംഭിച്ചതോടെ പൈപ്പിടൽ പൂർത്തിയായാലും ടാറിംഗ് നടക്കാത്ത സ്ഥിതിയാണ്. തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം തിരിച്ചുവിട്ടാലും തലോർ മുതൽ കുരിയച്ചിറ വരെയുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലാകും.അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളുടെ യാത്രകളും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.
ഹോളി ഏയ്ഞ്ചൽസ്, സെന്റ് റാഫേൽസ്, സെന്റ് മേരീസ് തുടങ്ങിയ ഒല്ലൂരിലെ വിദ്യാലയങ്ങലെ തന്നെ മൂവായിരത്തോളം വിദ്യാർഥികൾ ഈ വഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട്. ഇതിൽ നിരവധി കുട്ടികൾ കാൽനടയായും സൈക്കിളിലുമാണ് സ്കൂളിലേക്ക് എത്തുന്നത്. തൃശൂരിലെയും കുരിയച്ചിറയിലേയും സ്കൂളുകളിലേക്കുള്ള നൂറുകണക്കിനു വിദ്യാർത്ഥികളുടെ യാത്രയും വൻ പ്രതിസന്ധിയിലാകും.
വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് എത്താനോ വാഹനങ്ങൾ പാർക്കു ചെയ്യാനോ കഴിയാത്ത സ്ഥിതിയുണ്ട്.പൈപ്പിടൽ കഴിഞ്ഞിട്ടും കുഴിച്ചെടുത്ത മണ്ണ് റോഡിൽ നീക്കം ചെയ്യാതെ കൂട്ടിയിട്ടതെല്ലാം കനത്ത മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ റോഡാകെ ചെളിയും വഴുക്കലുമാണ്.
ഒല്ലൂരിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ ഇതുവഴിയുള്ള സർവീസ് ഒഴിവാക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാട്ടുകാർ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പരാതി നൽകിയിട്ടുണ്ട്. റോഡ് ഉടൻ ടാർ ചെയ്തില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ പറഞ്ഞു.