പാലോട് : രോഗിയായ 85കാരനെ സംരക്ഷണം നൽകാതെ ഉപേക്ഷിച്ച മക്കൾക്കും ചെറുമക്കൾക്കുമെതിരെ കേസ്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാറിലാണ് സംഭവം.
വയോദികനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയാണ് മക്കളും ചെറുമക്കളും ഭാര്യമാരും തമ്മിൽ തർക്കമുണ്ടായിരുന്നത്.
സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലോട് പോലീസ് നാട്ടിലുള്ള മക്കളെ നേരിട്ട് വിളിച്ചു വരുത്തിയും വിദേശത്തുള്ളവരെ ഫോൺ മുഖേനയും ബന്ധപ്പെട്ട് അന്വേഷണം നടത്തി.
രണ്ടു ഭാര്യമാരിലായി ആറ് മക്കളുള്ള വയോധികന് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന നാല് സെന്റ് ഭൂമിയും വീടും മകൾ എഴുതിവാങ്ങിയ ശേഷം സംരക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.
തുടർന്ന് ഒരോ മക്കളും കൂട്ട് ഉത്തരവാദിത്തത്തോടെ നോക്കാനും ചെലവിന് നൽകാനും പൊലീസ് നിർദേശം നൽകി.
എന്നാൽ അത് പാലിക്കാതെ വിതുരയിലുള്ള മകൻ ഇടവത്തുള്ള ചെറുമകളുടെ വീട്ടിൽ ഉപേക്ഷിച്ചു പോയി.
ഒരു ദിവസം ഭക്ഷണം ലഭിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് പാലോട് പോലീസ് കേസെടുത്തത്.
നിലവിൽ ഇദ്ദേഹത്തെ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ മേൽനോട്ടത്തിൽ വർക്കല ബീച്ച് റോഡിൽ വാത്സല്യം ഓൾഡേജ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.