ന്യൂഡൽഹി: 2020, 2024, 2028 ഒളിന്പിക്സുകൾക്കുള്ള തയാറെടുപ്പിനായി സർക്കാർ പ്രഖ്യാപിച്ച ടാസ്ക് ഫോഴ്സ് കമ്മിറ്റിയിൽ അഭിനവ് ബിന്ദ്രയും പുല്ലേല ഗോപിചന്ദും ഇടംപിടിച്ചു. എട്ടംഗ കമ്മിറ്റിയെയാണ് സർക്കാർ പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് ഒളിന്പിക്സുകൾ മുന്നിൽകണ്ട് വേണ്ട തയാറെടുപ്പുകളെ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. റിപ്പോർട്ട് സമർപ്പിക്കപ്പെടുന്ന മൂന്നു മാസമായിരിക്കും സമിതിയുടെ കാലാവധിയെന്നും കായിക മന്ത്രി വിജയ് ഗോയൽ അറിയിച്ചു.
ഒളിന്പിക് ജേതാവായ ബിന്ദ്രയ്ക്കും ദേശീയ ബാഡ്മിന്‍റൻ പരിശീലകനായ ഗോപീചന്ദിനും പുറമേ ഓം പഥക്, എസ്.ബൽദേവ് സിംഗ്, ജി.എൽ.ഖന്ന, രാജേഷ് കൽറ, സന്ദീപ് പ്രധാൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇതിൽ സന്ദീപ് പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ സ്പോർട്സ് അതോറിറ്റി ഡയറക്ടർ ജനറലാണ്.
റിയോ ഒളിന്പിക്സിൽ രണ്ടു മെഡലുകൾ മാത്രം നേടി ഇന്ത്യന്‍ ടീം തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിമ്പിക് ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപനം.