കൽപ്പറ്റ: ബത്തേരി ബീനാച്ചി സ്വദേശിയായ ഉണ്ണികൃഷ്ണൻ നായർ സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സ്ഥിരമായി മകന്റെ ദേഹോപദ്രവം ഏൽക്കുന്ന അച്ഛൻ വൃദ്ധസദനത്തിലേക്ക് മാറി താമസിക്കാൻ സന്നദ്ധനാണെന്നും ചെലവ് വഹിക്കാൻ മകൻ തയാറാണെന്നും മാനന്തവാടി സബ്കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പരാതിക്കാരന്റെ മകൻ വിദേശത്താണ്. മകൻ താഴത്തെ നിലയിലും അച്ഛൻ മുകളിലത്തെ നിലയിലുമാണ് താമസിക്കുന്നത്.
നാട്ടിൽ വരുന്പോഴെല്ലാം മകൻ തന്നെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് അച്ഛൻ കമ്മീഷനെ അറിയിച്ചു.
ഇതു സംബന്ധിച്ച് നിരവധി കേസുകൾ പോലീസിലുണ്ട്. തന്റെ മകളുടെ ഭർത്താവ് മകന്റെ പക്ഷത്താണെന്നും പരാതിയിൽ പറയുന്നു.
വീടിന്റെ ഗേറ്റ് മകൻ താഴിട്ട് പൂട്ടിയതിനാൽ മതിൽ ചാടികടന്നാണ് താൻ പുറത്തേക്ക് പോകാറുള്ളത്.
തന്റെ പേരിലുള്ള 16 സെന്റ് സ്ഥലം വിറ്റുകിട്ടിയ പണം കൊണ്ട് നിർമിച്ച വീട്ടിലാണ് മകൻ താമസിക്കുന്നത്.
തന്റെ പേരിലുള്ള മുഴുവൻ സ്ഥലവും വിറ്റ് പണം നൽകണമെന്നാണ് മകന്റെ ആവശ്യമെന്നും പരാതിയിൽ പറയുന്നു.
മാനന്തവാടി ആർഡിഒ, ബത്തേരി പോലീസ് ഇൻസ്പെക്ടർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മകന്റെ പേരിലാണ് വീടെന്ന് പോലീസ് അറിയിച്ചു.
മകൻ എല്ലാമാസവും അച്ഛന് ചെലവിന് നൽകുന്നുണ്ട്. പരാതിക്കാരനും മകനും തമ്മിൽ നിരന്തരം പരാതിയും കേസുകളുമായി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവരാണ്.
പരാതിക്കാരൻ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി കോടതിയുടെ പരിഗണനയിലാണെന്ന് സബ് കളക്ടർ കമ്മീഷനെ അറിയിച്ചു.
ഇപ്പോൾ പരാതിക്കാരനും മകനും ധാരണയിലെത്തിയിട്ടുണ്ട്. പരാതിക്കാരൻ വൃദ്ധസദനത്തിലേക്ക് പോകാൻ തയാറാണ്.
മകൻ ചെലവു വഹിക്കാനും തയാറാണെന്ന് മുതിർന്ന പൗരൻമാരുടെ സംരക്ഷണ ചുമതലയുള്ള മെയിന്റനൻസ് ട്രൈബ്യൂണൽ ചെയർമാനായ സബ്കളക്ടർ കമ്മീഷനെ അറിയിച്ചു.
സബ്കളക്ടറുടെ ഇടപെടൽ ഫലപ്രദമായതിനാൽ കമ്മീഷൻ കേസ് തീർപ്പാക്കി.