ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ മുടി മുറിച്ചു. ഗുജറാത്തിലെ മൊഡാസ സ്വദേശിനിയായ നീലാൻഷി പട്ടേൽ എന്ന കൗമാരക്കാരിയായിരുന്നു ആ റിക്കാർഡിന് ഉടമ.
റിക്കാർഡ് നേടുന്ന സമയത്ത് 170.5 സെന്റീമീറ്ററായിരുന്ന മുടിയുടെ നീളം 2020 ജൂലൈ മാസത്തിൽ 200 സെന്റീമീറ്ററിലെത്തിയിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇൻസ്റ്റഗ്രാം വീഡിയോയിൽ മുടി മുറിക്കുന്നത് കാണാം.
ഈ മുടി തനിക്ക് ധാരാളം സൗഭാഗ്യങ്ങൾ നൽകിയെന്നും എന്നാൽ ഇപ്പോൾ മുടി മുറിക്കാൻ സമയമായെന്നും നീലാൻഷി വീഡിയോയിൽ വ്യക്തമാക്കുന്നു.
മുടിയെ ചുംബിച്ചു കൊണ്ടാണ് നീലാൻഷി മുടിയോട് വിട പറയുന്നത്. ആറാമത്തെ വയസിലാണ് നീലാൻഷി അവസാനമായി മുടി മുറിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പതിനെട്ടുകാരിയായ നീലാൻഷി മുടി മുറിക്കാൻ തീരുമാനിച്ചത്.
മുറിച്ച മുടി എന്തു ചെയ്യണമെന്ന കാര്യത്തിൽ മൂന്ന് മാർഗങ്ങളാണ് നീലാൻഷിയുടെ മുന്നിലുണ്ടായിരുന്നത്.
ലേലം ചെയ്യുക, ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്യുക, മ്യൂസിയത്തിൽ സൂക്ഷിക്കുക എന്നിങ്ങനെ.
ഗിന്നസ് റെക്കോർഡിലെത്തിയ മുടി ആയതിനാൽ മ്യൂസിയത്തിൽ സൂക്ഷിക്കാനായിരുന്നു നീലാൻഷിയുടെ അമ്മ നിർദ്ദേശിച്ചത്
”ഞാൻ വളരെ ആവേശത്തിലും അൽപ്പം അസ്വസ്ഥതയിലുമാണ്, കാരണം പുതിയ ഹെയർ സ്റ്റൈലിൽ ഞാൻ എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല.
എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, പക്ഷേ ഇത് അതിശയകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” മുടി മുറിക്കുന്നതിന് തൊട്ടുമുമ്പ് നീലാൻഷി വീഡിയോയിൽ പറയുന്നു.