കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ താരസംഘടന ‘അമ്മ’യുടെ ഭാരവാഹികൾക്കെതിരേ വരെ ലൈംഗികാതിക്രമ പരാതികളാണ് ഉയർന്നത്. അതോടെ സംഘടനയുടെ ഭാരവാഹികളെല്ലാംതന്നെ രാജിവച്ചു. സംഘടനക്കെതിരേ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ഘോഷയാത്രയാണ്.
കുറ്റാരോപിതരായ നടൻമാർ അഭിനയിച്ച ചിത്രങ്ങളിലെ പ്രസക്ത ഭാഗങ്ങളെടുത്ത് ട്രോളുകളാക്കി ആഘോഷിക്കുകയാണ് സൈബറിടം. കഴിഞ്ഞ ദിവസം ഇതിൽ നിന്ന് വിഭിന്നമായൊരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്സിൽ ഇടപ്പള്ളിയിലെ അമ്മ ആസ്ഥാന ഓഫീസ് ഏതോ വിരുതന്മാർ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. 20,000 രൂപയ്ക്കാണ് വിൽപന നടത്തുന്നതെന്ന് പരസ്യത്തിൽ പറയുന്നു. ‘അർജന്റ് സെയിൽ’ എന്ന് നൽകി ഓഫീസിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
20,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ പത്ത് വാഷ്റൂമുകളുണ്ട്. റെഡി ടു മൂവ് ആണ്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും വിവരണത്തില്‍ നൽകിയിട്ടുണ്ട്. മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും പറയുന്നു.
ആരാണ് പരസ്യം നൽകിയതെന്ന കാര്യം വ്യക്തമല്ല. എങ്കിലും പരസ്യം പെട്ടന്ന്തന്നെ വൈറലായി. നിരവധി ആളുകളാണ് പരസ്യത്തിന്റെ സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്യുന്നത്.