കോഴിക്കോട് :ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. വിപണിയില്‍ ആറ് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ വിലവരുന്ന ബൊലേറോ ജീപ്പടക്കം വാഹനങ്ങൾ കേവലം രണ്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കാനുണ്ടെന്ന് പരസ്യം നൽകിയാണ് ആർമി ഓഫീസർ ചമഞ്ഞ് തട്ടിപ്പ്.
വാഹനത്തിന്റെ വിവിധ ഫോട്ടോകളും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ സഹിതം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. വാഹനം ഇഷ്ടപ്പെട്ടാല്‍ കാര്‍ഗോയായി ഉടന്‍ തന്നെ അയച്ചു നല്‍കാമെന്നും കാര്‍ഗോ തുക മുന്‍കൂട്ടി ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരണമെന്നുമാണ് ആവശ്യപ്പെടുന്നത്.
തിരുവമ്പാടി സ്വദേശിയായ കർഷകനെയാണ് തട്ടിപ്പിനിരകളാക്കാന് ശ്രമിച്ചത്. എന്നാല്‍ സുഹൃത്തായ പഞ്ചാബിലെ സൈനിക ഉദ്യോഗസ്ഥന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത് തട്ടിപ്പ് സംഘമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.നിരവധി പേർ ഈ വിധത്തിൽ തട്ടിപ്പിനിരയായതായി വാഹന ഡീലർമാർ സാക്ഷ്യപ്പെടുത്തുന്നു.
ഏഴായിരത്തിൽ താഴെ മാത്രം കിലോമീറ്റർ ഓടിയ 2014 മോഡൽ ബോലേറോ ജീപ്പ് 2.35 ലക്ഷം രുപയ്ക്ക് വിൽക്കുമെന്ന ഒഎൽഎക്സിലെ പരസ്യം കണ്ടാണ് കർഷകൻ വിൽപ്പനക്കാരനുമായി ബന്ധപ്പെടുന്നത്. വാഹനത്തിന്റെ വിൻഡ് ഗ്ളാസിൽ ആർമി എന്ന് ഇംഗ്ളീഷിലുള്ള സ്റ്റിക്കർ പതിച്ചിരുന്നതിനാൽ കർഷകന് സംശയം തോന്നിയില്ല. പരസ്യത്തിലെ 9350326637 നന്പറിൽ വിളിച്ചപ്പോൾ ഹിന്ദി സംസാരിക്കുന്ന സ്ത്രീയാണ് ഫോണെടുത്തത്.
ഹിന്ദി മാത്രമെ അറിയൂ എന്ന് സ്ത്രീ പറഞ്ഞതോടെ കർഷകൻ ഡൽഹിയിലെ റെയിൽവേ ജീവനക്കാരിയായ മകൾക്ക് ഫോൺ കൈമാറി. ഇന്ത്യൻ ആർമിയിലെ ഓഫീസർ ദന്പതികളാണെന്നും പണത്തിന് അടിയന്തിര ആവശ്യമുള്ളതുകൊണ്ടാണ് ജീപ്പ് വിൽക്കുന്നതെന്നും അറിയിച്ചു.
വില പേശി ഒടുവിൽ വെറും രണ്ടുലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. മിനിട്ടുകൾക്കുള്ളിൽ കർഷകന്റെ വാട്സ്ആപ് നന്പറിലേക്ക് വാഹനത്തിന്റെ വിവിധ ചിത്രങ്ങളും വീഡിയോയും എത്തി. ആർമി വേഷത്തിൽ ദന്പതികൾ ചേർന്നുനിൽക്കുന്ന ചിത്രമായിരുന്നു വിൽപ്പനക്കാരനന്റെ വാട്സ്ആപ് പ്രൊഫൈൽ. പുതുപുത്തൻ വാഹനം കണ്ട് മതിമറന്ന കർഷകൻ വീണ്ടും “ആർമി ഓഫീസ’റുടെ നന്പറിൽ വിളിച്ചപ്പോൾ പുരുഷനാണ് ഫോണെടുത്തത്. കർഷകൻ ആവശ്യപ്പെട്ടതുപ്രകാരം വാഹനത്തിന്റെ ആർസി കോപ്പിയും വാട്സ്ആപ്പിലെത്തി.
വാഹനം കേരളത്തിൽ എത്തിക്കുമോ എന്നുചോദിച്ചപ്പോൾ , താൻ ആർമി ഓഫീസറാണെന്നും നാസികിലെ ക്യാന്പിലാണ് ഡ്യൂട്ടിയെന്നും വാഹനം പട്ടാള കാർഗോ മുഖേന അയക്കാമെന്നും മറുപടി ലഭിച്ചു. കാർഗോ ചെലവിലേക്ക് ഉടൻ പതിനായിരം രൂപ അയച്ചാൽ വാഹനം കോഴിക്കോട് റെയിൽവെസ്റ്റേഷനിൽ എത്തുമെന്നും, കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചയക്കാനുള്ള 7500 രൂപ അപ്പോൾ നൽകിയാൽ മതിയെന്നും അറിയിച്ചു.
സംശയം തോന്നിയ കർഷകൻ സുഹൃത്തായ പഞ്ചാബിലെ മേജർക്ക് വാട്സ്ആപിൽ ഫോൺനന്പറും ചിത്രങ്ങളും അയച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. വാടസ്ആപിലെ പ്രൊഫൈൽ ചിത്രം വ്യാജമാണെന്ന് മേയർ സ്ഥരീകരിച്ചു.
കാര്‍ഗോ തുക അയച്ചു നല്കാന് ആവശ്യപ്പെട്ടതിനാല്‍ കച്ചവടത്തിന് താല്പര്യമില്ലെന്ന് പറഞ്ഞവരെ വിശ്വസിപ്പിക്കുന്നതിനായി വാഹനത്തിന്റെ സര്‍വീസ് ഹിസ്റ്ററിയും ആര്‍സി ബുക്കും മറ്റ് രേഖകളും ഇയാള്‍ അയച്ചു നല്‍കും. ആവശ്യക്കാരേറെയുണ്ടെന്നും സുവര്‍ണാവസരം നഷ്ടപ്പെടുത്തരുതെന്നുമാണ് ഒടുവില്‍ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പരാതി ലഭിച്ചാലും മറ്റ് സംസ്ഥാനങ്ങളില്‍ പോയി അന്വേഷിച്ചാല്‍ കാര്യമായ വിവരങ്ങളൊന്നും ലഭിക്കാറില്ല. താത്കാലികമായി സംഘടിപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിച്ചും വ്യാജപ്രൊഫൈലുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തുന്നത്. ഒരു സിംകാര്‍ഡ് കുറഞ്ഞ ദിവസം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. സിമ്മിനൊപ്പം ഫോണ്‍ കൂടി ഉപേക്ഷിച്ചാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താന്‍ പോലും ഏറെ ബുദ്ധിമുട്ടാണ്.