തൃശൂർ: സിറ്റി പോലീസ് കോർപറേഷൻ ഓഫീസിനു സമീപം എംഒ റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച റെഡ് ബട്ടണ്‍ ഇനിയും “ഉദ്ഘാടനം’ ചെയ്തില്ല. റെഡ്ബട്ടണ്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഒരാഴ്ച മുന്‍പ് നടന്നെങ്കിലും ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ല.
ക്രമസമാധാന പാലനത്തിനു വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഇന്റലിജന്റ് റോബോട്ടിക് സംവിധാനമാണ് തൃശൂരിൽ സ്ഥാപിച്ചിരിക്കുന്നത്.
റെഡ്ബട്ടണ്‍ ടെർമിനലുകളിൽ കൈവിരലുകളമർത്തിയാൽ സഹായമാവശ്യപ്പെടുന്നയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കണ്ട്രോൾ റൂമിൽ ദൃശ്യമാവും.
പിന്നീടു ഹോട്ട് ലൈൻ ടെലിഫോണിലൂടെ കണ്ട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാനും കഴിയും. പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാലാണ് റെഡ്ബട്ടണ്‍ ആരും ഉപയോഗിക്കാത്തതെന്നാണ് പോലീസിന്റെ വിശദീകരണം.