
തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരന്റെ ഇരുചക്രവാഹനത്തിൽനിന്നു കാണാതായ ഹെൽമറ്റ് ഒഎൽഎക്സ് സൈറ്റിൽ വിൽക്കാൻ വച്ചിരുന്നത് ഒറ്റരാത്രികൊണ്ട് പോലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കന്പനിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ ടെക്നോപാർക്ക് ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ട് സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിൽ തന്നെ ഹെൽമറ്റ് വച്ചിട്ട് പരിപാടിക്കു പോയി.
രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോൾ ഹെൽമറ്റ് ഇല്ല. പരിസരത്തൊക്കെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മോഷണം പോയതായിരിക്കുമെന്നു കരുതി തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.
വിലകൂടിയ ഹെൽമറ്റ് നഷ്ടപ്പെട്ടതിൽ നിരാശനായ ജെറിൻ രണ്ടു ദിവസത്തിനുശേഷം പ്രമുഖ ഓണ്‍ലൈൻ വിൽപന വെബ്സൈറ്റായ ഒഎൽഎക്സ് സന്ദർശിച്ചപ്പോൾ കണ്ടത് 3000 രൂപ വിലയിട്ട് വിൽപനയ്ക്ക് വച്ചിരിക്കുന്ന സ്വന്തം ഹെൽമറ്റ്.
വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുൾപ്പെടുത്തി തിങ്കളാഴ്ച രാത്രി തന്നെ ജെറിൻ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അടുത്ത ദിവസം രാവിലെ 10.30 നു സ്റ്റേഷനിൽ നിന്ന് വിളിയെത്തി. സ്റ്റേഷനിലെത്തി ഹെൽമറ്റ് പരിശോധിക്കാൻ പറഞ്ഞായിരുന്നു ആ ഫോണ്‍കോൾ.
ഇത്ര എളുപ്പത്തിൽ ഹെൽമറ്റ് തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന ജെറിൻ അവിശ്വസനീയതയോടെ സ്റ്റേഷനിലെത്തി പരിശോധിച്ച് തന്റേത് തന്നെയെന്ന് ബോധ്യപ്പെട്ടു ഹെൽമറ്റ് കൈപ്പറ്റി.
ഹെൽമറ്റിലുണ്ടായിരുന്ന ഉരവിന്റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാൻ ജെറിന് തുണയായത്.
കേരള പോലീസിന്റെ തക്കസമയത്തുളള പ്രവർത്തന മികവാണ് തനിക്ക് നഷ്ടമായ സാധനം ഇത്രവേഗം തിരികെ ലഭിക്കാൻ കാരണമായതെന്ന് ജെറിൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റ് പങ്കുവച്ചിരുന്നു.
രാത്രി വൈകി ലഭിച്ച പരാതിയായിട്ടും ഒട്ടും താമസിക്കാതെ കൃത്യമായ അന്വേഷണം നടത്തിയതിനാലാണ് രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് കൈമറിഞ്ഞ ഹെൽമറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാൻ പോലീസിനായത്.
വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോണ്‍ നന്പരുകൾ പിന്തുടർന്നാണ് പോലീസ് ഹെൽമറ്റ് കണ്ടെത്തിയത്.