മണ്ണാർക്കാട്: ഏഷ്യൻ ഗെയിംസിൽ 4ഃ400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ടീമംഗം പി.കുഞ്ഞുമുഹമ്മദിന് മാതൃവിദ്യാലയമായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഉജ്ജ്വല സ്വീകരണം. ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമടക്കം തിങ്ങിനിറഞ്ഞ സദസ്സ് ആഹ്ലാദാരവങ്ങളോടെയാണ് ജക്കാർത്തയിൽ നിന്നും മടങ്ങിയെത്തിയ കുഞ്ഞുമുഹമ്മദിനെ വരവേറ്റത്.
സ്കൂൾ പി.ടി.എ യും സ്റ്റാഫ് കൗണ്സിലുമൊരുക്കിയ സ്നേഹാദരം ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ അധ്യക്ഷനായി. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിന്റെ സ്നേഹോഹാരം എം.എൽ.എ കുഞ്ഞുമുഹമ്മദിന് സമ്മാനിച്ചു.
അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മികവ് പ്രകടിപ്പിക്കാൻ പരമാവധി പ്രയത്നിക്കുമെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു.കോട്ടോപ്പാടത്ത് വരുംതലമുറക്കായി മെച്ചപ്പെട്ട ഗ്രൗണ്ട് ഒരുക്കണമെന്ന കായിക താരത്തിന്റെ അഭ്യർത്ഥനയോട് എം.എൽ.എ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് വാഗ്ദാനം നൽകി.
കോട്ടോപ്പാടം പാറപ്പുറം പുത്തൻപുരക്കൽ മുഹമ്മദിന്റെയും ഫാത്തിമയുടെയും പുത്രനായ കുഞ്ഞുമുഹമ്മദിന് കായികതാരമെന്ന നിലയിൽ നേടിയ ആദ്യ വിജയം കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം തരത്തിലായിരുന്നപ്പോഴാണ്.തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പഠനകാലത്ത് ഇന്റർ യൂണിവേഴ്സിറ്റി മീറ്റുകളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു.
2010 ൽ ആർമിയിൽ ഉദ്യോഗം സ്വീകരിച്ചു. തുടർച്ചയായി മൂന്നു വർഷം 400 മീറ്ററിൽ ദേശീയ ചാന്പ്യനായി. 4ഃ400 മീറ്റർ റിലേയിൽ ദേശീയ റിക്കാർഡ് തിരുത്തിയ ടീമിലെ അംഗമായിരുന്ന കുഞ്ഞുമുഹമ്മദ് 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.