ഒളിന്പിക്സ് ചരിത്രത്തിൽ ഇന്ത്യക്കുവേണ്ടി മെഡൽ സ്വന്തമാക്കിയത് വെറും ഏഴ് വനിതകൾ മാത്രം. മലയാളിയും ഇന്ത്യൻ ഇതിഹാസ അത്ലറ്റുമായ പി.ടി. ഉഷയ്ക്ക് 1984 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ നിർഭാഗ്യവശാൽ മെഡൽ നഷ്ടപ്പെട്ടതും ചരിത്രം.
ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യക്ക് ഇതുവരെ 35 മെഡലുകൾ ലഭിച്ചിട്ടുണ്ട്. 10 സ്വർണം, ഒന്‍പത് വെള്ളി, 16 വെങ്കലം എന്നിങ്ങനെയാണത്. 10 സ്വർണത്തിൽ എട്ട് എണ്ണവും ഹോക്കിയിലൂടെയായിരുന്നു.
2008 ബെയ്ജിംഗ് ഒളിന്പിക്സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്രയായിരുന്നു ആദ്യ വ്യക്തിഗത മെഡൽ സ്വന്തമാക്കിയത്. പിന്നീട് 2020 ടോക്കിയോ ഒളിന്പിക്സിൽ പുരുഷ ജാവലിൻത്രോയിലൂടെ നീരജ് ചോപ്രയും സ്വർണത്തിൽ മുത്തംവച്ചു.
2000 സിഡ്നിയിൽവച്ച് ഇന്ത്യക്ക് ആദ്യമായി വനിതാ വിഭാഗത്തിൽ ഒളിന്പിക് മെഡൽ ലഭിച്ചു. ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിയായിരുന്നു ആ മെഡൽ ഇന്ത്യക്കു സമ്മാനിച്ചത്. ഇന്ത്യക്കായി ഒളിന്പിക് മെഡൽ നേടിയ ഏഴ് വനിതകളെ കുറിച്ച്…
കർണം മല്ലേശ്വരി, മീരഭായ് ചാനു
ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ വനിതാ മെഡൽ ജേതാവായത് കർണം മല്ലേശ്വരി. 2000 സിഡ്നി ഒളിന്പിക്സിൽ 69 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരി വെങ്കലം സ്വന്തമാക്കി. സ്വതന്ത്രഭാരതത്തിൽ കെ.ഡി. ജാദവിനും (ഗുസ്തി), ലിയാൻഡർ പെയ്സിനും (ടെന്നീസ്) ശേഷം ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയ മൂന്നാമതു വ്യക്തിഗത മെഡലും കർണം മല്ലേശ്വരിയുടേതായിരുന്നു.
കർണം മല്ലേശ്വരിക്കുശേഷം ഭാരോദ്വഹനത്തിലൂടെ ഇന്ത്യ ഒരു ഒളിന്പിക് മെഡൽ നേടാൻ 2020 ടോക്കിയോവരെ കാത്തിരിക്കേണ്ടിവന്നു. 2021ൽ അരങ്ങേറിയ ടോക്കിയോ ഒളിന്പിക്സിന്റെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായ് ചാനു വെള്ളി സ്വന്തമാക്കി.
സൈന നെഹ്വാൾ
ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രത്തിലെ സുവർണ നിമിഷമായിരുന്നു 2012 ലണ്ടൻ ഒളിന്പിക്സിൽ സൈന നെഹ്വാൾ മെഡൽ ജേതാവായത്. ബാഡ്മിന്റണിലൂടെ ഒളിന്പിക്സിൽ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ മെഡലാണ് സൈനയുടെ സിംഗിൾസ് വെങ്കലം.
പ്രീക്വാർട്ടറിൽ നെതർലൻഡ്സ് താരം ജീ യാവോയെ 21-14, 21-16നു നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സൈന ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ഡെന്മാർക്കിന്റെ ടിനെ ബൗനെ (21-15, 22-20) മറികടന്ന് സെമിയിൽ. ഫൈനലിനു മുന്‍പുള്ള പോരാട്ടത്തിൽ സൈനയ്ക്കു പിഴച്ചു.
പി.വി. സിന്ധു
ഇന്ത്യയുടെ ഒളിന്പിക് ചരിത്രത്തിൽ ഒന്നിലധികം മെഡൽ നേടിയ ആദ്യ വനിതയാണ് ബാഡ്മിന്റണ്‍ താരമായ പി.വി. സിന്ധു. 2016 റിയൊ ഒളിന്പിക്സിൽ വനിതാ സിംഗിൾസിൽ സിന്ധു സ്വർണം നേടുന്നതിനായി ഇന്ത്യ ഒന്നടങ്കം കാത്തിരുന്നു. എന്നാൽ, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ കരോളിന മാരിനോട് പരാജയപ്പെട്ട് സിന്ധു വെള്ളി നേടി.
ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സിന്ധു തോൽവി സമ്മതിച്ചതെന്നതായിരുന്നു ഇന്ത്യൻ ആരാധകരുടെ ദുഃഖം. 2020 ടോക്കിയോ ഒളിന്പിക്സിലും സിന്ധു മെഡലണിഞ്ഞു. പ്രീക്വാർട്ടറും ക്വാർട്ടറും കടന്ന് സെമിയിൽ പ്രവേശിച്ച സിന്ധുവിനു പക്ഷേ, ഫൈനലിലേക്കെത്താൻ സാധിച്ചില്ല, വെങ്കലം നേടി.
കോം, ലോവ്ലിന
ഒളിന്പിക്സ് വേദിയിൽ ബോക്സിംഗിലൂടെ മെഡൽ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരിയാണ് മേരി കോം. ഒളിന്പിക്സിൽ ഇന്ത്യയുടെ രണ്ടാമത് മാത്രം ബോക്സിംഗ് മെഡൽ. 2012 ലണ്ടൻ ഒളിന്പിക്സിലാണ് മേരി കോം ബോക്സിംഗിൽ വെങ്കലം സ്വന്തമാക്കിയത്. ഫ്ളൈവെയ്റ്റ് വിഭാഗത്തിലായിരുന്നു മെഡൽ നേട്ടം.
അതിനു മുന്‍പ് ഇന്ത്യക്ക് പുരുഷന്മാരുടെ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വിജേന്ദർ സിംഗിന്റെ വെങ്കലം മാത്രമായിരുന്നു ബോക്സിംഗ് റിംഗിൽനിന്നു ലഭിച്ചത്. മേരി കോമിന്റെ പാത പിന്തുടർന്ന് 2020 ടോക്കിയോ ഒളിന്പിക്സിൽ ലോവ്ലിന ബോർഗോഹെയ്നും വെങ്കലത്തിൽ മുത്തംവച്ചു. വനിതാ 69 കിലോ വിഭാഗത്തിലായിരുന്നു ലോവ്ലിനയുടെ വെങ്കലം. ബോക്സിംഗിലൂടെ ഇന്ത്യക്കു ലഭിക്കുന്ന മൂന്നാമത് മാത്രം മെഡൽ.
സാക്ഷി മാലിക്
ഗുസ്തിയിലൂടെ ഇന്ത്യയുടെ അക്കൗണ്ടിൽ ഒളിന്പിക് മെഡൽ എത്തിച്ച ഏക വനിതയാണ് സാക്ഷി മാലിക്. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ബിർജ് ഭൂഷനെതിരായ ലൈംഗിക, മാനസിക ഹരാസ്മെന്റ് അടക്കമുള്ള വിവാദങ്ങളിൽ പിന്നീട് സാക്ഷി മാലിക്ക് വാർത്തകളിൽ നിറഞ്ഞു.
2016 റിയൊ ഒളിന്പിക്സിലായിരുന്നു സാക്ഷി മാലിക്കിന്റെ മെഡൽ. വനിതകളുടെ ഫ്രീസ്റ്റൈൽ 58 കിലോ വിഭാഗത്തിലായിരുന്നു സാക്ഷി മാലിക്ക് ഇന്ത്യയുടെ അഭിമാന താരമായത്. 2022 കോമണ്‍വെൽത്ത് ഗെയിംസ് സ്വർണത്തിനും ഉടമയാണ്. 2014 കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളിയും 2018 കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കലവും നേടിയ ചരിത്രവും സാക്ഷി മാലിക്കിനു സ്വന്തം.