ഒരു ഒളിന്പിക് മെഡൽ എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണ്. 2024 പാരീസ് ഒളിന്പിക്സ് പുരോഗമിക്കുകയാണ്, ഇതിനകംതന്നെ ഡസൻ കണക്കിന് മെഡലുകൾ വിതരണം ചെയ്തുകഴിഞ്ഞു. ഒളിന്പിക്സ് പുരോഗമിക്കുന്പോൾ മെഡൽ നേടിയവരും നേടാനിരിക്കുന്നവരും ആവേശത്തിലാണ്.
ജേതാക്കൾക്ക് മെഡലിനൊപ്പം ലഭിക്കുന്നത് ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ ഒരു പാവ, കായികമേളയുടെ ഒൗദ്യോഗിക പോസ്റ്റർ എന്നിവ മാത്രമാണ്. എന്നാൽ മികച്ച പ്രകടനം നടത്തുന്ന ചില കായികതാരങ്ങൾക്ക് ചെറിയ പ്രതിഫലവും ഉൾപ്പെടുത്തുന്നതിനാലാണ് ഇതിനെ രഹസ്യപ്പെട്ടി എന്നു വിളിക്കുന്നത്.
മെഡലുകൾ നേടുന്നവർക്ക് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി സമ്മാനത്തുക നൽകുന്നില്ലെങ്കിലും അവരെ കാത്തിരിക്കുന്നത് വലിയ സാന്പത്തിക പാരിതോഷികങ്ങളാണ്. പല രാജ്യങ്ങളും തങ്ങളുടെ കായികതാരങ്ങൾക്കായി മെഡൽ ബോണസായി വൻ തുകയാണ് പാരിതോഷികത്തിനായി നീക്കിവച്ചിരിക്കുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടുന്നവർക്കു രാജ്യം നൽകുന്ന തുകയ്ക്കൊപ്പം സംസ്ഥാനങ്ങളും വൻ തുക സമ്മാനിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും ദേശീയ ഒളിന്പിക് കമ്മിറ്റികളും സ്പോർട്സ് അസോസിയേഷനുകളും നേരത്തേ തന്നെ അത്ലറ്റുകൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്മാനത്തുകയിൽ മുന്പൻ ഹോങ്കോംഗ്
ഒളിന്പിക്സിൽ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടുന്ന അത്ലറ്റുകൾക്ക് ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്നത് ഹോങ്കോംഗാണ്. സ്വർണത്തിന് 7,68,000 ഡോളർ, വെള്ളിക്ക് 3,84,000 ഡോളർ, വെങ്കലത്തിന് 1,92,000 ഡോളർ എന്നിവയാണ്. പാരീസിൽ മത്സരിക്കുന്ന ഹോങ്കോംഗ് അത്ലറ്റുകൾക്കുള്ള ഇൻസെന്റീവ് ടോക്കിയോ സമ്മർ ഒളിന്പിക്സിൽ നിന്ന് 20 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. ഹോങ്കോംഗ് ഇതുവരെ രണ്ടു സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെ മൂന്നു മെഡലുകൾ പാരീസിൽ നേടിക്കഴിഞ്ഞു.
മെഡൽ നേട്ടക്കാർക്ക് സമ്മാനത്തുക നൽകുന്ന കാര്യത്തിൽ രണ്ടാമത് സിംഗപ്പുരാണ്. സ്വർണം (7,45,000 ഡോളർ), വെള്ളി (3,73,000 ഡോളർ), വെങ്കലം (1,86,000 ഡോളർ). ഒളിന്പിക്സ് ചരിത്രത്തിൽ ഇതുവരെ സിംഗപ്പുർ ഒരു തവണ മാത്രമേ സ്വർണത്തിലെത്തിയിട്ടുള്ളൂ. പാരീസിൽ മെഡൽ നേടാനായിട്ടില്ല.
ഇന്തോനേഷ്യ, ഇസ്രയേൽ, കസാഖിസ്ഥാൻ, മലേഷ്യ, സ്പെയിൻ രാജ്യങ്ങൾ സ്വർണമെഡൽ ജേതാക്കൾക്ക് ആറക്കത്തുകയാണ് സമ്മാനമായി നല്‍കുക.
ആതിഥേയരായ ഫ്രാൻസ് പട്ടികയിൽ എട്ടാമതാണ്. സ്വർണം നേടുന്ന അത്ലറ്റിന് 87,000 ഡോളർ നല്‍കും. സമ്മാനത്തുക നല്കുന്ന കാര്യത്തിൽ യുഎസ്എ പത്താം സ്ഥാനത്താണ്. സ്വർണം (38,000 ഡോളർ), വെള്ളി (23,000), വെങ്കലം (15,000 ഡോളർ) എന്നിങ്ങനെയാണ് അമേരിക്കയുടെ മെഡൽ ജേതാക്കൾക്കു ലഭിക്കുക.
ചില രാജ്യങ്ങൾ മെഡൽ നേടാത്തവർക്കും സമ്മാനം നൽകുന്നുണ്ട്. ജർമനിയുടെ സ്പോർട്സ് എയ്ഡ് ഫൗണ്ടേഷൻ എട്ടാം സ്ഥാനത്തെത്തുന്നവർക്കു സമ്മാനം നൽകും. സ്വർണം നേടുന്നവർക്ക് 22000 ഡോളറാണ് ജർമനി സമ്മാനിക്കുക.
ഇന്ത്യയിലെ ഒളിന്പിക് മെഡൽ നേട്ടക്കാർക്ക് എത്ര രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇവർക്ക് കേന്ദ്ര സർക്കാരിൽനിന്നും ദേശീയ കായിക സംഘടനയിൽനിന്നും സാന്പത്തിക പ്രതിഫലം ലഭിക്കും. കൂടാതെ സംസ്ഥാനങ്ങളും കായിക താരങ്ങൾക്ക് സമ്മാനത്തുകകൾ നൽകും.
കാർ, അപ്പാർട്ട്മെന്റ്
സമ്മാനത്തുകയിൽ മാത്രം തീരുന്നതല്ല മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികങ്ങൾ. ചില അത്ലറ്റുകൾക്ക് സർക്കാരും സ്വകാര്യ കന്പനികളും കാറുകളും അപ്പാർട്ട്മെന്റുകളും നൽകും.
സ്വർണ മെഡൽ (2,50,000 ഡോളർ), വെള്ളി (1,50,000 ഡോളർ), വെങ്കലം (75,000 ഡോളർ) എന്നിങ്ങനെയാണ് കസാഖിസ്ഥാൻ സമ്മാനിക്കുന്നത്. കൂടാതെ സർക്കാർ അവർക്ക് അപ്പാർട്ട്മെന്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മലേഷ്യയുടെ നാഷണൽ സ്പോർട്സ് കൗണ്‍സിൽ വ്യക്തിഗത സ്വർണ മെഡലുകൾക്ക് 2,15,563 ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുവെന്നാണ്.
അതേസമയം വെള്ളി മെഡൽ ജേതാക്കൾക്ക് 65,000 ഡോളറും വെങ്കലം നേടുന്നവർക്ക് 22,000 ഡോളറുമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. മലേഷ്യയിലെ ചില സ്വകാര്യ കന്പനികൾ ലക്ഷ്വറി-സർവീസ് അപ്പാർട്ട്മെന്റുകൾ അല്ലെങ്കിൽ അധിക പണം പോലുള്ള മറ്റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. വിദേശ നിർമിത കാറുകളും മലേഷ്യയുടെ മെഡൽ നേട്ടക്കാരെ കാത്തിരിക്കുന്നുണ്ട്.
പെൻഷൻ, ചിത്രങ്ങൾ
ദക്ഷിണ കൊറിയൻ മെഡലിസ്റ്റുകളെ അധികമായി ലഭിക്കുന്ന സമ്മാനത്തുകയ്ക്കൊപ്പം പെൻഷനും നൽകും.
63 മില്യണ്‍ കൊറിയൻ വോണ്‍ (കൊറിയൻ നാണയം) ആണ് ദക്ഷിണ കൊറിയയുടെ സ്വർണ മെഡൽ ജേതാക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സമ്മാനത്തുകയ്ക്കു പകരം ആജീവനാന്ത പ്രതിമാസ പെൻഷനായി ഒരു മില്യണ്‍ വോണ്‍ വീതം നല്‍കും. വെള്ളി മെഡലിന് 35 മില്യണ്‍ വോണ്‍, വെങ്കലത്തിന് 25 മില്യണ്‍ വോണുമാണ് ലഭിക്കുക.
ചില അത്ലറ്റുകൾക്ക് സൗജന്യ പാനീയങ്ങൾ, യാത്ര പോലുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോംഗിന്റെ മെഡൽ നേട്ടക്കാർക്ക് അവരുടെ പൊതു ഗതാഗത ഓപ്പറേറ്റർമാരായ എംടിആർ കോർപറേഷൻ സൗജന്യ ആജീവനാന്ത ടിക്കറ്റുകൾ നൽകും.
പോളണ്ട് സ്വർണ മെഡൽ നേടുന്നവർക്ക് 82,000 ഡോളറാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ മെഡൽ നേട്ടക്കാർക്കും രാജ്യത്തെ പ്രമുഖ കലാകാരന്മാർ വരച്ച ചിത്രങ്ങൾ, വജ്രം, ഹോളിഡേ വൗച്ചർ എന്നിവയും നൽകും. ഇതിനൊപ്പം പോളണ്ട് ഒളിന്പിക്സിൽ പങ്കെടുക്കുന്നതിന്റെ 100-ാം വാർഷികം പ്രമാണിച്ച് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്നവർക്ക് തലസ്ഥാനമായ വാഴ്സോയിൽ രണ്ടു കിടപ്പുമുറിയുള്ള ഫ്ളാറ്റ് നൽകും.
ടീം ഇനത്തിൽ ഒന്നാമതെത്തുന്നവർക്ക് ടീം ഒരു കിടപ്പുമുറിയുള്ള ഫ്ളാറ്റും സമ്മാനിക്കും. ഏതെങ്കിലും മെഡൽ നേടുന്ന സെർബിയൻ അത്ലറ്റുകൾക്ക് പെൻഷന് അർഹതയുണ്ടാകും.
ഓസ്ട്രേലിയയും മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ, നോർവെ തുടങ്ങിയ രാജ്യങ്ങളുടെ അത്ലറ്റുകൾക്ക് സമ്മാനത്തുകയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ബ്രിട്ടൻ ഇവർക്കുള്ള ഗ്രാൻഡ് ഉയർത്തി.
പശുക്കൾ വരെ സമ്മാനം
ഒളിന്പ്യൻമാർക്ക് പലപ്പോഴും വിചിത്രമായ സമ്മാനങ്ങളും ലഭിക്കാറുണ്ട്. ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത മലേഷ്യൻ കായിക താരങ്ങൾക്ക് ഒരു ഭക്ഷ്യശൃംഖല കന്പനി സൗജന്യ ഭക്ഷണവും തെഹ് താരിക് എന്ന മലേഷ്യൻ ചായയുമാണ് നല്‍കിയത്. ടോക്കിയോ ഒളിന്പിക്സ് ടേബിൾ ടെന്നീസിൽ വെള്ളി നേടിയ ജപ്പാന്റെ കാസുമി ഇഷികാവയ്ക്ക് 100 ചാക്ക് അരിയാണ് ലഭിച്ചത്.
കഴിഞ്ഞ ഒളിന്പിക്സിൽ വനിതകളുടെ ബാഡ്മിന്റണ്‍ ഡബിൾസിൽ ഇന്തോനേഷ്യയുടെ സ്വർണ മെഡൽ ജേതാക്കളായ അപ്രിയാനി രഹായുവിനും ഗ്രേസിയ പോളിക്കും പശുക്കളെയും ഒരു മീറ്റ്ബോൾ റസ്റ്ററന്റും ഒരു പുതിയ വീടും നൽകിയതായി റിപ്പോർട്ടുണ്ട്.