ലുധിയാന: ലോകത്ത് ഒരിടത്തും ഒരൊളിമ്പിക് ജേതാവിനും ഇത്തരത്തിലൊരു യാതന നേരിടേണ്ടി വന്നിരിക്കില്ല. എന്നാല്‍, ഇന്ത്യയില്‍ ഇതു സംഭവിക്കുന്നു പല തവണ. അത്തരം വാര്‍ത്തകളിലെ ഒടുവിലത്തെ താരമാണ് പഞ്ചാബ് ലുധിയാന സ്വദേശി രാജ്വീര് സിംഗ്.
രാജ്യത്തിന്റെ യശസുയര്‍ത്തിയ ഈ പതിനേഴുകാരന് ഇന്ന് നിത്യവൃത്തിക്കായി ഓടുകയാണ്. ഈ ഇളം പ്രായത്തില്‍ പലതരം ജോലികള്‍ ചെയ്യുന്നുണ്ട്. അഴുക്കുചാലുകള്‍ വൃത്തിയാക്കിയും ഇഷ്ടികചുമന്നും ചപ്പുചവറുകള്‍ പെറുക്കിയും അന്നന്നത്തെ ചെലവുകഴിക്കാന് അവന്റെ ശാരീരിക വൈകല്യം മറന്ന് ഓടിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍, രാജ്യത്തിന് അഭിമാനപ്പതക്കം സമ്മാനിച്ച രാജ്വീര്സിംഗിനോട് സര്‍ക്കാരിനോ മറ്റ് അധികൃതര്‍ക്കോ യാതൊരു അലിവും ഇല്ല.
2015ൽ ലോസ് ആഞ്ചലസില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ ഒരു കിലോമീറ്റര്‍, രണ്ടു കിലോമീറ്റര്‍, സൈക്ലിംഗിലാണ് രാജ്വീര് സിംഗ് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയത്. അതിനുശേഷം രാജ്യ തലസ്ഥാനത്തു വന്നിറങ്ങിയ രാജ്വീറിന് ലഭിച്ചത് ആവേശോജ്വല സ്വീകരണമായിരുന്നു.
നാട്ടിലെത്തിയശേഷം പഞ്ചാബ് സര്‍ക്കാരിന്റെ നേതൃത്വത്തിലും രാജ്വീറിനു സ്വീകരണമൊരുക്കി. ആ സ്വീകരണയോഗത്തില്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദല്‍ 15 ലക്ഷം രൂപ രാജ് വീറിനു പാരിതോഷികം പ്രഖ്യാപിച്ചു. ഇതു കൂടാതെ ഒരു ലക്ഷം രൂപ വേറെയും. ഒരു നയാ പൈസപോലും ലഭിച്ചില്ല. കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചു സമ്മാനം, 10 ലക്ഷം രൂപ. എന്നാല്‍, 50000 രൂപയാണ് ഇതുവരെ ലഭിച്ചത്.
പഞ്ചാബില്‍ സര്‍ക്കാര്‍ മാറിയപ്പോഴും കാര്യങ്ങളില്‍ മാറ്റമില്ല. ഇത്തരത്തിലൊരു പ്രഖ്യാപനം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും ഇനി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
രാജ്യത്ത് ഒരു മെഡല്‍ ജേതാവും ഇതുപോലെ അവഹേളിക്കപ്പെട്ടിട്ടില്ല. സര്‍ക്കാരുകള്‍ക്ക് അവന് പ്രത്യേകത ഇല്ലാത്തയാളായിരിക്കും എന്നാല്‍, എനിക്ക് അവന് ഏറെ പ്രിയങ്കരനാണ്.-രാജ് വീറിന്റെ അച്ഛന് ബാല്‍വീര്‍ സിംഗ് പറഞ്ഞു.
രോഗബാധിതനായ ബാല്വീറിനു ജോലിക്കു പോകാനാവില്ല. കുടുംബത്തില്‍ മറ്റാരുമില്ല.
അതുകൊണ്ടാണ് മകന് കൂലിപ്പണിക്കിറങ്ങിയത്. വിവിധ ജോലികള്‍ ചെയ്യുന്നതിലൂടെ അയ്യായിരം രൂപ വരെ രാജ്വീര് മാസം തോറും സമ്പാദിക്കുന്നുണ്ട്. ഇവര്‍ താമസിക്കുന്ന സിയാര് ഗ്രാമത്തില്‍ എപ്പോഴും രാജ്വീറിനെ കാണാനാകും.
ഇപ്പോള്‍ പ്രായാധിക്യത്താല്‍ നടക്കാനാകാത്ത മുതിര്‍ന്ന പൗരന്മാരെയും രോഗികളെയും വീല്‍ ചെയറില്‍ ഉന്തി നടക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് രാജ്വീര്. മനുക്ത സേവ എന്ന സന്നദ്ധ സംഘടനയുടെ സഹായം മാത്രമാണ് ഇപ്പോള്‍ ഈ കുടുംബത്തിനു ലഭിക്കുന്നത്. മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സ മാത്രമാണ് ഈ സഹായംകൊണ്ട് ലഭിക്കുന്നത്. ഓര്മ നശിക്കുന്ന അസുഖമാണ് രാജ്വീറിനുള്ളത്. വരുംദിവസങ്ങളില്‍ രാജ്വീറിന്റെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിലാണ് സന്നദ്ധപ്രവര്‍ത്തകരും കുടുംബവും.