ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധുവിന് ലഭിച്ച സമ്മാനത്തുക കേട്ട് ഞെട്ടലോടെ സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മറിന്‍. ‘എത്രവലിയ തുകയാണ് സിന്ധുവിന് ലഭിച്ചത്! ഞാന്‍ അറിഞ്ഞു അവള്‍ കോടീശ്വരിയായെന്ന്, എനിക്ക് വളരെ കുറച്ച് തുക മാത്രമാണ് സ്പാനിഷ് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. എല്ലാം കൂടി നോക്കിയാലും എനിക്ക് ലഭിച്ച സമ്മാനത്തുക സിന്ധുവിന് ലഭിച്ചതിന്റെ 10 ശതമാനം മാത്രമേ വരൂ, എന്നാലും ഇത് നല്ലൊരു വാര്‍ത്തയാണ്. ബാഡ്മിന്റണ്‍ ഇവിടെ ജനപ്രിയമാണ്. എന്നാല്‍ സ്‌പെയിനില്‍ ചിലയിടങ്ങളില്‍ മാത്രമേ ബാഡ്മിന്റണ് സ്വീകാര്യതയുള്ളു. ബാഡ്മിന്റണ്‍ന്റെ വ്യവസായിക വളര്‍ച്ചയ്ക്ക് നല്ലൊരു മാതൃകയാണ് ഇത്. കരോളിന പറഞ്ഞു.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കരോളിന ഇക്കാര്യം പറഞ്ഞത്. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു കരോളിന.
ഒളിമ്പിക്‌സില്‍ ജയിച്ച കരോളിനയ്ക്ക് എല്ലാം കൂടി കൂട്ടി 70 ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാല്‍ സിന്ധുവിന് 13 കോടി രൂപയോളം സമ്മാനത്തുകയായി ലഭിച്ചു. ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനും ആറു കോടി രൂപയോളം ലഭിച്ചു. കരോളിനയുടെ പരിശീലകനായ ഫെര്‍ണാഡോ റിവസും സിന്ധുവിന്റെ സമ്മാനത്തുകയില്‍ അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഒളിമ്പിക്‌സ് വിജയികള്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതായും ഇത് മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യയെ വ്യത്യസ്തമാക്കുന്നുവെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ഒളിമ്പിക്‌സില്‍ സിന്ധുവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കരോളിന സ്വര്‍ണം നേടിയത്. ആദ്യ സെറ്റ് സിന്ധു സ്വന്തമാക്കിയതിന് ശേഷമായിരുന്നു കരോളിനയുടെ തിരുച്ചുവരവ്.