ടോക്കിയോ: 2020 ടോക്കിയോ ഒളിന്പിക്സ് മെഡൽ സംഘാടകർ ഇന്നലെ അനാവരണം ചെയ്തു. ഒളിന്പിക്സിലേക്ക് കൃത്യം ഒരു വർഷം ശേഷിക്കേയായിരുന്നു മെഡൽ അനാവരണം ചെയ്തത്. അടുത്ത വർഷം ജൂലൈ 24നാണ് ഒളിന്പിക്സിന് തിരിതെളിയുന്നത്.
ഒരു ഒളിന്പിക് മെഡൽ അനാവരണം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം പ്രസക്തമാകുന്നത് അത് എങ്ങനെയാണ് ഉണ്ടാക്കിയതെന്നതിൽനിന്നാണ്. ടോക്കിയോ 2020 ഇക്കോ ഫ്രണ്ട്ലി എന്ന ക്യാന്പയിനിന്റെ ഭാഗമായി ശേഖരിച്ചെടുത്ത മൊബൈൽ ഫോണ്, ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽനിന്ന് ലഭിച്ച ലോഹങ്ങൾ ഉപയോഗിച്ചാണ് മെഡലുകളുടെ നിർമാണം.
ചുരുക്കത്തിൽ ഇ-മാലിന്യങ്ങളിൽനിന്നാണ് സ്വർണവും വെള്ളിയും വെങ്കലവും വേർതിരിച്ചെടുത്ത് ഒളിന്പിക് മെഡലുകൾ നിർമിച്ചിരിക്കുന്നത്. ഇതിനായി 80,000 ഫോണുകളും മറ്റ് ഉപകരണങ്ങളും സംഭാവനയായി ലഭിച്ചു.
അത്ലറ്റുകളുടെ എനർജി പ്രതിഫലിക്കുന്ന രൂപകൽപ്പനയാണ് മെഡലുകൾക്കു നല്കിയിരിക്കുന്നതെന്ന് സംഘാടകർ പറയുന്നു. അന്പത്തിയൊന്നുകരനായ ഒസാക്ക സ്വദേശി യുനിചി കവാനിഷിയാണ് മെഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിസൈൻ സ്റ്റുഡന്റ്സും പ്രഫഷണൽ ഡിസൈനർമാരുമുൾപ്പെടെ 400 പേർ നല്കിയ മാതൃകയിൽനിന്നാണ് മെഡലിന്റെ ഡിസൈൻ തെരഞ്ഞെടുത്തത്.
സ്വർണ മെഡലിന് 556 ഗ്രാമും വെള്ളിക്ക് 550 ഗ്രാമും വെങ്കലത്തിന് 450 ഗ്രാമുമാണ് തൂക്കം. ഒളിന്പിക് മെഡലുകളുടെ ചരിത്രത്തിൽ ഏറ്റവും തൂക്കമുള്ളതും ഇത്തവണത്തെ മെഡലുകൾക്കാണ്.
സാങ്കേതികതയുടെ ഒളിന്പിക്സ്
ഇക്കോ-ഫ്രണ്ട്ലിക്കായി സാങ്കേതികത എങ്ങനെയാണ് ടോക്കിയോ ഒളിന്പിക്സിൽ ഉപയോഗിച്ചിരിക്കുന്നതെന്നത് രസകരമാണ്. പുനരുപയോഗ ഉൗർജസ്രോതസുകളായ കാറ്റ്, സൂര്യപ്രകാശം എന്നിവയിലൂടെയാണ് അത്ലറ്റിക് വില്ലേജിലും സ്റ്റേഡിയങ്ങളിലും ഉപയോഗിക്കുക.
ഡ്രൈവറില്ലാത്ത റോബട്ടുകൾ നിയന്ത്രിക്കുന്ന കാറുകളാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് തങ്ങളുടെ സ്മാർട്ട് ഫോണ് ഉപയോഗിച്ച് വാഹനം തുറക്കുകയും പണം നല്കുകയും ചെയ്യാം. സോളാർ റോഡുകളാണ് നഗരത്തിലുള്ളത്. വിദേശ അതിഥികൾക്കായി റോബട്ടുകൾ ജാപ്പനീസ് ഭാഷയുടെ പരിഭാഷ നടത്തും.
ഒളിന്പിക് ദീപശിഖയ്ക്കും പ്രത്യേകതയുണ്ട്. ഫുക്കുഷിമയിലെ ഭൂമികുലുക്കത്തിന്റെ സ്മരണയാണ്. 2011ലെ ഭൂമികുലുക്കത്തിൽനിന്ന് രക്ഷപ്പെട്ട ആളുകളെ താത്ക്കാലികമായി പാർപ്പിക്കാൻ ഉണ്ടാക്കിയ അലുമിനിയം വീടുകളിൽനിന്നുള്ള ലോഹങ്ങൾ റീസൈക്കിൾ ചെയ്താണ് ഒളിന്പിക് ടോർച്ച് നിർമിച്ചിരിക്കുന്നത്. ഒളിന്പിക്സിൽ ഉപയോഗിക്കുന്ന 99 ശതമാനം സാധനങ്ങളും റീസൈക്കിൾ ചെയ്തതോ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതോ ആണ്.