തിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് കാഷ് അവാർഡ് വിതരണം ചെയ്ത ശേഷം പ്രസംഗിക്കുകായിരുന്നു അദ്ദേഹം.
സംസ്ഥാനം പ്രളയ ദുരന്തം നേരിട്ട വേളയിൽ ഏഷ്യൻ ഗെയിംസിൽ മികച്ച വിജയം നേടാൻ കായികതാരങ്ങൾക്ക് കഴിഞ്ഞത് ഉത്തേജനം പകരുന്നതാണ്. പരിശ്രമിച്ചാൽ ഇനിയും നേട്ടം കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജിൻസണ് ജോണ്സൻ, വി.കെ.വിസ്മയ, വി.നീന, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി. യു. ചിത്ര എന്നിവർ മുഖ്യമന്ത്രിയിൽനിന്ന് കാഷ് അവാർഡുകൾ ഏറ്റുവാങ്ങി. ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാർഡ് രക്ഷാകർത്താക്കൾ ഏറ്റുവാങ്ങി.
സ്വർണ മെഡൽ നേടിയവർക്ക് 20 ലക്ഷവും വെള്ളി നേടിയവർക്ക് 15 ലക്ഷവും വെങ്കലം നേടിയവർക്ക് 10 ലക്ഷം രൂപയുമാണ് പാരിതോഷികമായി നല്‍കിയത്. ധ്യാൻചന്ദ് പുരസ്കാരം നേടിയ മുൻ താരം ബോബി അലോഷ്യസിനെ ചടങ്ങിൽ ആദരിച്ചു.
ഒ. രാജഗോപാൽ എംഎൽഎ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി. പി. ദാസൻ, കായിക പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, സ്പോർട്സ് കൗണ്‍സിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളായ എം. ആർ. രഞ്ജിത്ത്, ഡി. വിജയകുമാർ, ഒ. കെ. ബിനീഷ്, സെക്രട്ടറി സഞ്ജയൻ കുമാർ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ഡി. മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.