കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതിയുമായി ആദിവാസി പെണ്‍കുട്ടി. പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ വയനാട് ഡിസിസി അംഗം ഒ.എം. ജോര്‍ജിന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പീഡനത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പോലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം ഒ.എം.ജോര്‍ജ് പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയും മാതാപിതാക്കളും ഇയാളുടെ വീട്ടിലെ ജോലിക്കാരായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ രക്ഷിതാക്കളും പീഡനത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച പോലീസ് വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ഒ.എം.ജോര്‍ജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
ആരോപണവിധേയനായ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒ.എം.ജോര്‍ജ് ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ഒ.എം.ജോര്‍ജ്.