കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന മുൻ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. വയനാട് ഡിസിസി അംഗവും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോർജാണ് കീഴടങ്ങിയത്. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിക്കു മുന്‍പാകെയാണ് ഇയാൾ ഹാജരായത്.
ഒന്നരവർഷമായി ജോർജ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വിദ്യാർഥിയായ പെണ്‍കുട്ടിയെ വീട്ടിൽവച്ചും മറ്റുമാണു പീഡിപ്പിച്ചത്. ഒരാഴ്ച മുന്‍പ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോക്സോ പ്രകാരം ബത്തേരി പോലീസ് കേസെടുത്തതിനു പിന്നാലെ ജോർജ് ഒളിവിൽ പോയിരുന്നു.
ബലാത്സംഗം, പീഡനം, പട്ടികവർഗക്കാർക്കെതിരായ അതിക്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ. ആരോപണം ഉയർന്നതിനെ തുടർന്ന് ജോർജിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.