മസ്കറ്റ്: ഒമാനിലെ സുമയിൽ സെൻട്രൽ ജയിലിൽ തടവിലായിരുന്ന 62 ഇന്ത്യാക്കാരെ മോചിപ്പിച്ചു. ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സായിദിന്റെ പ്രത്യേക ഉത്തരവിൻ പ്രകാരമാണ് മോചനം. വിട്ടയക്കപെട്ടവരുടെ പട്ടികയിൽ ഏഴു മലയാളികളും ഉൾപ്പെടുന്നു.
അന്പലപ്പുഴ സ്വദേശി സന്തോഷ്, കല്ലന്പലം സ്വദേശി ഷാജഹാൻ, കൊല്ലം സ്വദേശി മനാഫ്, കോതമംഗലം പൈമറ്റംകാരൻ നവാസ്, കോഴിക്കോട് കൊടുവല്ലൂർ സ്വദേശി ഭരതൻ ചെറുമലയിൽ, പട്ടാന്പിക്കാരൻ മുസ്തഫ, മലപ്പുറം കോട്ടക്കൽ സ്വദേശി അലിക്കുട്ടി എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ.
തടവുകാരായ ഇന്ത്യക്കാരുടെ മോചനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഒമാൻ സന്ദർശനവുമായി കൂട്ടി വായിക്കേണ്ടതാണ്. ഇതിനിടയിൽ വർഷങ്ങളായി പല തടവുകാരുടെയും മോചനത്തിനായി പ്രയത്നങ്ങൾ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവർത്തകർ അവകാശ വാദങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്.
ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും പല തടവുകാരുടെയും ശിക്ഷാ കാലാവധിക്ക് മുന്പുള്ള മോചനത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിരന്തര സമ്മർദ്ദം ചെലുത്തിവന്നിരുന്നതാണ്. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ ഭാഗത്തു നിന്നും വ്യക്തമായ ഒരു പത്രക്കുറിപ്പ് ഇറങ്ങിയിട്ടില്ല എന്നുള്ളതും അവകാശ വാദങ്ങൾക്ക് ആക്കം കൂട്ടുന്നു.
റിപ്പോർട്ട്: സേവ്യർ കാവാലം