നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി നാട്ടിൽ മടങ്ങിയെത്തി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ദോഹയില്‍ നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരിയില്‍ എത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു.
ഒരുവർഷം മുന്‍പാണ് ആൻ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് ഈ കപ്പലിൽ എത്തിയത്. മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവമുണ്ടായില്ല. മാന്യമായ പെരുമാറ്റമാണ് ഉണ്ടായത്.
കപ്പല്‍ പിടിച്ചെടുത്ത വേളയില്‍ ആദ്യം ഭയന്നിരുന്നു. ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്ത്രീ എന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നു. അതാണ് മോചനം വേഗത്തിലായതെന്നും വീട്ടിലെത്തിയ ശേഷം ആന്‍ ടെസ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
‘ടെഹ്റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ചരക്കുകപ്പലായ എംഎസ്സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽനിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി’’- വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ടെഹ്റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആൻ ടെസയെക്കൂടാതെ സെക്കൻഡ് ഓഫീസർ വയനാട് മാനന്തവാടി സ്വദേശി പി.വി. ധനേഷ് (32), സെക്കൻഡ് എൻജിനിയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), തേഡ് എൻജിനിയറായ പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.