മസ്കറ്റ്: എലോൺ മസ്കിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിന്റെ വിക്ഷേപണവിജയം മനുഷ്യന്റെ ചൊവ്വാ മോഹങ്ങൾക്കു ചിറകു മുളപ്പിച്ചിരിക്കുന്നു. പക്ഷേ, ചൊവ്വയിലെത്തിയാൽ മനുഷ്യനെങ്ങനെ ജീവിക്കും ? അതു മനസിലാക്കാനുള്ള പരീക്ഷണവും നടന്നുവരികയാണ്.
ഒമാനിലെ ദോഫാൽ മരുഭൂമിയിലാണ് ഈ പരീക്ഷണം. ഗ്രീൻഹൗസും റോബട്ടിക് റോവറുകളും ഡ്രോണുകളും എല്ലാം ഉൾപ്പെടുന്നു. ചൊവ്വയിൽ കൃഷി നടത്താൻ കഴിയുമോ എന്നതടക്കം 19 പരീക്ഷണങ്ങളാണു നടത്തുന്നത്. മനുഷ്യന് ചൊവ്വയിൽ എങ്ങനെ അതിജീവനം നടത്താമെന്നു കണ്ടെത്തുകയാണ് ലക്ഷ്യം.
ചൊവ്വയോടുള്ള സാമ്യമാണ് ഇവിടം തെരഞ്ഞെടുക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ചൂട് 51 ഡിഗ്രി സെൽഷസാണ്. തരിശുഭൂമിയാണ്. ജീവനുള്ള ഒന്നുംതന്നെ ഇല്ല. ഒമാൻ സർക്കാരിന്റെ സഹകരണത്തിൽ ഓസ്ട്രിയൻ സ്പേസ് ഫോറം ആണ് പരീക്ഷണം നടത്തുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ള 200 ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിൽ പങ്കെടുക്കുന്നത്.