കൊച്ചി: ഒമാൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ ഫൗസി ബഷീർ റജബിനു കേരളം നൽകിയതു ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അനുഭവങ്ങൾ. തന്റെ പിതാവിന്റെ ഗുരുതരമായ മസ്തിഷ്ക രോഗത്തിനു ചികിത്സ തേടി കേരളത്തിലെത്തിയ താരം, രോഗവിമുക്തിയുടെ ആശ്വാസവുമായാണു മടങ്ങിയത്.
പിതാവ് ബഷീർ റജബ് നസീബിന്റെ തലച്ചോറിലെ രക്തസ്രാവത്തിനു (സെറിബ്രൽ ഹീമാറ്റോമ) ചികിത്സ തേടി ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ കഴിഞ്ഞ അഞ്ചിനാണു ഫൗസി എത്തിയത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ജഗത് ലാൽ ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗം പൂർണമായും ഭേദമായതിനെത്തുടർന്നു കഴിഞ്ഞ ദിവസമാണു താരവും പിതാവും മടങ്ങിയത്.
ഇരുവർക്കും ഹൃദ്യമായ യാത്രയയപ്പാണു ആശുപത്രിയിൽ നൽകിയത്. ആശുപത്രി ചീഫ് ഫിനാൻസ് ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി ഫൗസിക്കു സ്നേഹത്തിന്റെ പ്രതീകമായി ഫുട്ബോൾ സമ്മാനിച്ചു. ഫിനാൻസ് ഡയറക്ടർ ജോർജ് വർഗീസ്, റിലേഷൻസ് വിഭാഗം ഡയറക്ടർ ഡോ. വി.എ. ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.