കാലടി: മറ്റൂരിൽ കവർച്ച ശ്രമത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മറ്റൂർ സ്വദേശി തുറവൂപാല ഓമന(68)ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കേസുമായി ബന്ധപ്പെട്ട് കോതമംഗലം കുട്ടംന്പുഴ സ്വദേശി അന്പഴചാലിൽ ഷിബുവിനെ (44) കാലടി പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ മാസം എട്ടിനാണ് രാവിലെ 9.30 ന് സംഭവം നടന്നത്. മറ്റൂരിലെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ ജീവനക്കാരിയായ ഓമന ദിവസങ്ങളോളം സുഖമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു. അവിവാഹിതയായ ഓമനയെ ഇതേ സ്ഥാപനത്തിലെ ട്രീന്റ് മെന്റ് പ്ലാന്റിലെ ജീവനക്കാരനായ ഷിബു കാണാനെത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ തക്കത്തിൽ കഴുത്തിൽ കിടന്ന മാലയും കൈയിൽ കിടന്ന മൂന്നു വളകളും പിടിച്ചുപറിക്കുന്നതിനിടയിൽ, മോഷണം ശ്രമം തടഞ്ഞ ഓമനയെ കൈയിലിരുന്ന കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഓമനയെ ശബ്ദം കേട്ട അയൽവാസികൾ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.