വിഴിഞ്ഞം: മദ്യലഹരിയിൽ മകൻ റിട്ട.അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിപിൻദാസ് ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പോലീസിനെ വട്ടം കറക്കുന്നു.
പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പാലയ്യന്റെ ഭാര്യ ഓമനയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയുടെ കെട്ടഴിക്കാനുള്ള ശ്രമമാണ് പൂവാർ പോലീസ് ആരംഭിച്ചത്.
മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ മകൻ വിപിൻദാസിന്റെ മൂന്ന് സുഹൃത്തുക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
കൂടുതൽ പേരെ കണ്ടെത്തുന്നതിനുള്ള ശ്രമവും ഊർജിതമാക്കി.കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരത്തോടെഓമനയുടെ മൃതദേഹം ഒറ്റയ്ക്ക് കുളിപ്പിച്ച് പെട്ടിയിലാക്കി കുഴിച്ചുമൂടാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് എത്തി വിപിൻദാസിനെ കസ്റ്റഡിയിൽ എടുത്തത്.
വീടിന് മുന്നിൽക്കിടന്ന മരക്കഷണത്തിന് പുറത്തേക്ക് വീണ് ഓമന മരിച്ചെവെന്നാണ് വിപിൻദാസ് പോലീസിൽ ആദ്യം മൊഴിനൽകിയത്.
എന്നാൽ ഒന്നിൽ കൂടുതൽ വാരിയെല്ലുകളുടെ തകർച്ചയും കഴുത്തിൽ കണ്ടപാടുകളും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്ക് സംശയത്തിനിടയാക്കി.
സംഭവം കൊലപാതകമെന്ന് തെളിഞ്ഞെങ്കിലും കുറ്റം മറച്ചുവയ്ക്കാൻ റിട്ട: മിലിറ്ററി ഉദ്യോഗസ്ഥനായ വിപിൻദാസിന്റെ സാമർഥ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് വിനയായി.
മദ്യപാനിയും പ്രശ്നക്കാരനുമായ ഇയാൾ തലേ ദിവസം രാത്രിയിൽ അമ്മയ്ക്ക് ഭക്ഷണവും വാങ്ങി നൽകിയിരുന്നു. അതിന് ശേഷമാകാം വകവരുത്തിയതെന്ന് പോലീസ് കരുതുന്നു.ഈ സമയം ഒന്നിൽ കൂടുതൽ പേർ വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും.
നാട്ടുകാരെയും ബന്ധുക്കളെയും അകറ്റി വീട് കൈയടക്കിയ വിപിൻ ദാസ് സുഹൃത്തുക്കൾക്കൊപ്പെം സ്ഥിരമായി ഇവിടെവച്ച് മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഇതിനുള്ള തെളിവുകളും പോലീസിനു ലഭിച്ചു.ഇവരുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചതായി അധികൃതർ പറയുന്നു. മിലിട്ടറിയിൽ നിന്ന് പെൻഷൻ പറ്റിയ പിതാവ് പാലയ്യൻ രണ്ട് വർഷം മുൻപ് മരണമടഞ്ഞു.
മാതാവിന്റെയും പിതാവിന്റെയും വിപിൻദാസിന്റെയും പെൻഷനടക്കം വൻതുകയാണ് മാസം തോറും വീട്ടിൽ എത്തിയിരുന്നത്.
സഹോദരൻ ഉൾപ്പെടെയുള്ളവരെ അകറ്റി നിർത്തിയ ശേഷം എല്ലാപ്പണവും കൈക്കലാക്കാനുള്ള വിപിന്റെ ശ്രമമാണ് മാതാവിന്റെ മരണത്തിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് കരുതുന്നു.
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.