പരോൾ വാങ്ങി പുറത്തിറങ്ങിയ ശേഷം ഒാമന മുങ്ങിയെന്നു തിരിച്ചറിഞ്ഞതോടെ പോലീസ് ഇവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മകളുമായും ചില ബന്ധുക്കളുമായും 2009വരെ ഓമന ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി വിവരങ്ങൾ ലഭിച്ചിരുന്നു.
എന്നാല്‍, ഇന്റര്‍നെറ്റ് കോളുകളായിരുന്നതിനാല് ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങള്‍ കണ്ടെത്താന്‍ അക്കാലത്തു പോലീസിനു കഴിഞ്ഞിരുന്നില്ല. വ്യാജ പാസ്പോര്ട്ടിൽ ഓമന വിദേശത്തേക്കു കടന്നതായിട്ടാണ് വിവരം.
ആസൂത്രിതം
കൊലപാതകം നടക്കുന്നതിനു രണ്ടുദിവസം മുന്‍പ് കോഴിക്കോട്ടുനിന്നാണ് കാമുകനായ മുരളീധരനൊപ്പം ഡോ. ഒാമന ഊട്ടിയിലേക്കു യാത്ര തിരിച്ചത്.
സന്തോഷവതിയായി കാണപ്പെട്ട ഒാമനയുടെയുള്ളിൽ കത്തുന്ന പക തിരിച്ചറിയാൻ മുരളീധരനു കഴിഞ്ഞതേയില്ല. കാമുകിക്കൊപ്പം ഊട്ടിയിൽ ചുറ്റിയടിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലായിരുന്നു അയാൾ.
ഊട്ടിയിൽ ചിലേടങ്ങളിലൊക്കെ കറങ്ങിയ ശേഷം ഇരുവരും അവിടെ റെയിൽവേ സ്റ്റേഷനു സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു. അതു തന്റെ അവസാന രാത്രിയാണെന്നു മുരളീധരൻ തിരിച്ചറിഞ്ഞില്ല.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒാമന കാമുകനെയും കൂട്ടി ഊട്ടിയിൽ എത്തിയത്. ഡോക്ടർ എന്ന നിലയിലുള്ള തന്റെ അറിവാണ് കാമുകനെ വകവരുത്താൻ അവർ ഉപയോഗപ്പെടുത്തിയത്.
മയക്കിയ കാപ്പി
കാമുകനു കാപ്പിയിൽ മയക്കുമരുന്ന് നൽകി കിടത്തിയ ശേഷം ശരീരത്തിൽ വിഷദ്രാവകം കുത്തിവച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. വിഷം കുത്തിവച്ചതോടൊപ്പം രക്തം കട്ട പിടിക്കാനുള്ള മരുന്നും ശരീരത്തിൽ കുത്തിവച്ചു.
നിലവിളിയോ ബഹളമോ ഇല്ലാതെ അയാൾ മരണത്തിലേക്കു നീങ്ങി. കാമുകൻ മരിച്ചെന്ന് ഉറപ്പാക്കിയതോടെ കട്ടിലിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു.
തുടർന്ന് പ്ലാസ്റ്റിക് ഷീറ്റിൽ മൃതദേഹം കിടത്തി. തുടർന്നു തുണ്ടം തുണ്ടമാക്കി മുറിച്ചു. ഇവിടെയും അവർക്കു തുണയായത് മെഡിക്കൽ രംഗത്തെ അറിവുകളായിരുന്നു.
വാരിയെല്ലുകൾ…
ആദ്യം ശരീരത്തിലെ ചർമം മുഴുവൻ നീക്കി. പിന്നെ അവയവങ്ങൾ വേർപ്പെടുത്തി കഷണങ്ങളാക്കി. എല്ലുകളിൽനിന്നു മാംസവും വേർപ്പെടുത്തി. ചർമവും എല്ലുകളും വെവ്വേറെ പ്ലാസ്റ്റിക് കവറിലാക്കി.
മാംസം വേറെ പോളിത്തീൻ കവറുകളിലാക്കി കെട്ടി. അവ സ്യൂട്ട്കേസിൽ നിറച്ചുവച്ചു. പിന്നീടു പോലീസ് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളിൽ വാരിയെല്ലുകൾ കാണാനില്ലായിരുന്നു.
അത് എവിടെ കളഞ്ഞുവെന്നതിനെക്കുറിച്ച് കണ്ടെത്താനായില്ല. ബാക്കിവന്ന ചോരയും മാംസത്തുണ്ടുകളും മറ്റും ക്ലോസറ്റിലൂടെ ഒഴുക്കുകയും ചെയ്തു. (തുടരും)
തയാറാക്കിയത്: എൻ.എം