നെടുമ്പാശേരി: കോവിഡ് -19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കു മടങ്ങേണ്ട തൊഴില്‍ വീസയുള്ളവരുടെ യാത്ര മുടങ്ങുന്നു. ആദ്യഘട്ടത്തിൽ ഉംറ തീർഥാടകർക്കു മാത്രമാണു യാത്രാവിലക്ക് ഉണ്ടായിരുന്നത്.
എന്നാൽ, ഇപ്പോൾ തൊഴില്‍ വീസയുള്ളവരെയും സൗദിയിലേക്കു കൊണ്ടുപോകാന്‍ എയര്‍ലൈന്‍ കമ്പനികള്‍ വിസമ്മതിക്കുകയാണ്. ഇന്ത്യയില്‍നിന്നു സൗദിയിലേക്കുള്ള സര്‍വീസുകളുടെ ഷെഡ്യൂളുകളിലും വിമാനക്കമ്പനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്.
സൗദിയിലേക്കു പോകാനായി ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൊഴിൽ വീസയുള്ളവർക്കു യാത്ര ചെയ്യാനായില്ല.
ഒമാൻ എയർവെയ്സിൽ സൗദിയിലേക്കു പോകാനെത്തിയവരെ എയര്‍ലൈന്‍ അധികൃതര്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഉംറ വീസക്കാര്‍ക്കും സന്ദർശക വീസക്കാര്‍ക്കും നിലവില്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ട്.
സൗദിയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് എയര്‍ലൈന്‍ കമ്പനികള്‍ യാത്രക്കാരെ കയറ്റാത്തത്. രണ്ടു ദിവസമായി സൗദിയിലേക്ക് റീ എന്‍ട്രി വീസയില്‍ എത്തിയവരെ മാത്രമാണു വിമാനക്കമ്പനികള്‍ സ്വീകരിക്കുന്നത്.
അതായത് ജോലിക്കിടെ അവധിക്കു പോയി മടങ്ങുന്നവരെ മാത്രം. പുതിയ തൊഴിൽ വീസക്കാരെയോ സന്ദര്‍ശന വീസക്കാരെയോ ഭൂരിഭാഗം വിമാനക്കമ്പനികളും സ്വീകരിക്കുന്നില്ല.
ഈ വീസകളില്‍ എത്തുന്നവര്‍ക്കു സൗദി വിമാനത്താവളങ്ങളില്‍ മണിക്കൂറുകളാണ് പരിശോധനയ്ക്കായി വേണ്ടിവരുന്നത്. അത്രയും സമയം ഇവര്‍ വന്ന വിമാനങ്ങള്‍ പിടിച്ചിടും.
ഇതോടെ സര്‍വീസ് താളം തെറ്റുന്നതിനാലാണു വിമാനക്കമ്പനികള്‍ പുതിയ വീസക്കാരെയും സന്ദര്‍ശന വീസക്കാരെയും സ്വീകരിക്കാത്തതെന്നാണു വിവരം.