വൈക്കം: ദേവാലയങ്ങളിലെ ഭണ്ഡാരം, സ്കൂളുകളുടെ ഓഫീസുകൾ, സ്റ്റേഷനറി കടകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവ രാത്രികാലങ്ങളിൽ കുത്തി തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പട്ടണക്കാട് തൈക്കൽ ഭാഗത്ത് പുന്നയ്ക്കൽ ഓമനക്കുട്ടൻ (തിച്ചോ- 50 ) ആണ് പോലീസ് പിടിയിലായത്. വിവിധ ജില്ലകളിലായി ഇയാൾ നിരവധി മോഷണകേസുകളിലെ പ്രതിയാണ്.
വൈക്കം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, സെന്റ് ലിറ്റിൽ തെരേസാസ് സ്കൂൾ, വൈക്കം വെസ്റ്റ് ഗവണ്മെന്റ് ഹൈസ്ക്കൂൾ, വെച്ചൂർ പുത്തൻ പാലം സ്കൂൾ, കുടവെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ, വെച്ചൂർ എൻഎസ്എസ് സ്കൂൾ, വടയാർ സെന്റ് ലൂയിസ് സ്കൂൾ, വെച്ചൂർ കൃഷിഭവൻ, വല്ലകം ആയൂർവേദ ആശൂപത്രി, വല്ലകം കയർ സൊസൈറ്റി, ഐഡിഡിഎസ് ചാലപ്പറന്പ്, ഉദയനാപുരം വില്ലേജ് ഓഫീസ്, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്ര ഭണ്ഡരം, കിഴക്കേനട ഗൗഡസരസ്വത ബ്രഹ്മണ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തി ഇയാൾ പണം അപഹരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രന്റെ നിർദേശപ്രകാരം വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ മേൽനോട്ടത്തിൽ വൈക്കം സിഐ വി.കെ.ജയപ്രകാശ്, എസ്ഐ എം.സാഹിൽ, ഷാഡോ പോലീസ് ഓഫീസർമാരായ കെ. നാസർ, പി.കെ. ജോളി, സിവിൽ പോലീസ് ഓഫീസർമാരായ പി.ആർ. സുശീലൻ, അനുമോദ് എന്നിവർ ചേർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന പകൽ മാന്യൻ!
വൈക്കം: നഗരത്തിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ദേവാലയങ്ങൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയ പ്രതികൾക്കായി പോലീസ് തലങ്ങും വിലങ്ങും പായുന്പോഴും മോഷ്ടാവ് കടത്തിണ്ണകളിൽ ഒന്നുമറിഞ്ഞില്ലെന്നമട്ടിൽ ഒതുങ്ങിക്കൂടി.
നാല് ജോടിയോളം വസ്ത്രങ്ങൾ തേച്ച് മടക്കി യാത്ര ചെയ്യുന്ന ഇയാൾ രാവിലെ ടീ ഷർട്ടും, പാന്റ്സും ധരിച്ചാൽ ഉച്ചയാകുന്പോഴേക്കും മുണ്ടും ഷർട്ടും ധരിച്ച് കണ്ണാടി വച്ചാണ് നടക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിൽ ഇയാളെ കണ്ടതോടെ പോലീസ് നീരിക്ഷിക്കാൻ തുടങ്ങി. രാവിലെ കണ്ട വേഷം മറ്റ് ഉദ്യോഗസ്ഥർക്ക് പാസ് ചെയ്തു പോലീസ് ഇയാൾക്കായി കറങ്ങുന്പോൾ വസ്ത്രം മാറി കണ്ണട വച്ച് ഇയാൾ പോലീസിനെ വട്ടം ചുറ്റിച്ചു.
മോഷണത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നേരത്തെ കയറിപ്പറ്റി രാത്രി 11.30നകം മോഷണം നടത്തി കിട്ടുന്നത് കൈക്കലാക്കി മടങ്ങുകയായിരുന്നു ഇയാളുടെ പതിവ്. ഷാഡോ പോലീസ് ഇയാളുടെ നീക്കൾ ശ്രദ്ധിച്ച് മോഷണത്തിന് ഉപയോഗിച്ച ആയുധമടക്കമാണ് ഇയാളെ പിടികൂടിയത്.