വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: കൃഷിയിൽ പഴമ കൈവിടാതെ കർഷകൻ ഓമനക്കുട്ടനും കുടുംബവും പുതുതലമുറയ്ക്ക് മാതൃകയാകുന്നു. രാസവളം പൂര്‍ണമായും ഒഴിവാക്കി ചവറ അതുല്യ നിവാസില്‍ ഓമനക്കുട്ടനും കുടുംബവുമാണ് കൃഷിയിൽ പഴമ കൈവിടാതെ മുന്നോട്ട് പോകുന്നത്.
കരിയിലയും ചെളിയും മാത്രം വളമാക്കിയാണ് ഇദ്ദേഹം ഇന്നും കൃഷി ചെയ്യുന്നത്. സമീപത്തെ കുളം വൃത്തിയാക്കി സൂക്ഷിച്ചാണ് ചെളി കണ്ടെത്തുന്നത്. വീട്ടില്‍ ലഭ്യമാകുന്ന കരിയിലകള്‍ വളമായി മാറ്റുകയാണ് ചെയ്യുന്നത്.
ചാലുകള്‍ തീര്‍ത്ത് അവയില്‍ കരിയിലയിട്ടതിനുശേഷം ചെളിയും മണ്ണും, ഡോളോ മൈറ്റും ഇട്ട് മൂടുന്നു. തുടര്‍ന്ന് ഒരാഴ്ച്ച നനച്ച് കൊടുത്തതിന് ശേഷം വിത്തോ ചെടിയോ നട്ടാല്‍ പിന്നെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ലന്ന് ഓമനക്കുട്ടന് പറയുന്നു.
വെള്ളം ഇല്ലായെങ്കിലും കൃഷി വളരുകയും ചെയ്യുന്നു. കരിയിലകള്‍ പൊടിഞ്ഞ് വളമായി മാറുന്നതിനാല്‍ രാസവളത്തിന്റെ ആവശ്യം അല്‍പ്പം പോലും വേണ്ടി വരുന്നില്ല. കൃഷി ഈ രീതിയിൽ ചെയ്താല്‍ കീടങ്ങൾ വിത്തുകളെ നശിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കുകയാണ് ഈ കര്ഷകന്.
കോട്ടയ്ക്കം ചെക്കാട്ട് മുക്കില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇദ്ദേഹവും കുടുംബവും. കരിയില വളമാക്കി മധുരക്കിഴങ്ങുള്പ്പെടെ എട്ട് തരത്തിലുളള കിഴങ്ങ് വര്‍ഗങ്ങളും ചീനി, മുളക്, മറ്റ് പച്ചക്കറികളും ഈ വീട്ടില്‍ സുലഭമായി വിളയുന്നു.
ഇത്തരത്തില്‍ കരിയിലയും ചെളിയും ഡോളോ മൈറ്റും ചേര്‍ന്ന് മണ്ണിനെ വളമായി ഉപയോഗിക്കുന്നത് കൊണ്ട് മഗ്നീഷ്യം വിത്തിനങ്ങളിലൂടെ മനുഷ്യര്‍ക്കും ലഭിക്കുന്നു എന്നാണ് ഓമനക്കുട്ടന്റെ അഭിപ്രായം.
കരിയില വളത്തിന്റെ പ്രത്യേകതകള്‍ കാട്ടി ഓമനക്കുട്ടൻ പ്രോജക്ട് തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഈ കൃഷി വിലയിരുത്തി പ്രകൃതിക്ക് കെട്ടുറപ്പ് നല്കുന്ന കൃഷിയെ അംഗീകരിച്ചിരിക്കുകയാണ്.
ചെറുപ്രായം മുതലെ കൃഷിയെ സ്നേഹിക്കുന്ന ഓമനക്കുട്ടന് പഴമയുടെ പിന്നാലെ പോകുമ്പോള്‍ ഭാര്യ എലിസബത്തും കൂട്ടിനുണ്ട്. ചവറ കൃഷിഓഫീസര്‍ നൂബിയ റഷീദും എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ട്. കോവിഡ് കാലമായതിനാൽ സമയം പാഴാക്കാതെ കൃഷിയോട് താൽപ്പര്യമുള്ളവർക്ക് ഇദ്ദേഹത്തിന്റെ കൃഷിരീതി മാതൃകയാക്കാവുന്നതാണ്.