സ്വന്തം ലേഖകന്‍
തൃശൂര്‍: ട്രെയിനില്‍ കുഴഞ്ഞുവീണ് ബോധരഹിതയായ വീട്ടമ്മയെ കരങ്ങളിലേന്തി റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ഓടി കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനുള്ള കരുതല്‍ പ്രകടിപ്പിച്ച തൃശൂര്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഓമനക്കുട്ടനെ ടി.എന്‍. പ്രതാപന് എംപി പൊന്നാടയണിയിച്ച് ആദരിച്ചു.
കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചപ്പോഴാണ് ഓമനക്കുട്ടനെ എംപി കണ്ടതും ട്രെയിനില്‍ കുഴഞ്ഞുവീണ വീട്ടമ്മയെ രക്ഷിച്ച ആളാണെന്നു മനസിലായപ്പോള്‍ പൊന്നാടയെത്തിച്ച് ആദരിച്ചതും.
ഇക്കഴിഞ്ഞ ജനുവരിയിലാണു വടകര സ്വദേശിനിയായ അനിത എന്ന വീട്ടമ്മയെ ട്രെയിനില്‍ നിന്നും കൈകളില്‍ കോരിയെടുത്ത് കായംകുളം മുട്ടത്തുവിളയില് ഭരണിക്കാവ് സൗത്തില്‍ ഓമനക്കുട്ടന് പ്ലാറ്റ്ഫോമിലൂടെ ഓടി ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറ്റിവിട്ടത്.
കൃത്യസമയത്ത് ആശുപത്രിയിലെത്തിയതിനാലാണ് അനിതയുടെ ജീവന് രക്ഷിക്കാനായത്.
ഓമനക്കുട്ടന്റെ കൃത്യസമയത്തുള്ള ഇടപെടലും വീല്ചെയറെത്താന് കാത്തുനില്‍ക്കാതെ കൈകളില്‍ താങ്ങിയെടുത്ത് ഓടിയതുമെല്ലാം വാര്‍ത്തയായിരുന്നു.