കൊല്ലം: ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് മരുന്നുമായി അഗ്നിശമന സേനയെത്തുന്പോൾ അശരണരായ വീട്ടുകാർ ഒരിയ്ക്കലും കരുതിയില്ല തങ്ങൾക്ക്് അടച്ചുറപ്പുള്ളൊരു വീട് സന്മനസുള്ളവരുടെ കാരുണ്യത്താൽ ഉണ്ടാവുമെന്ന്.
ഇരണൂർ സ്വദേശി ഓമന അമ്മയ്ക്കാണ് കൊട്ടാരക്കര ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമഫലമായി വീടൊരുങ്ങിയത്. മേൽക്കൂര ഇടിഞ്ഞു വീണ ഒരു വീടിനു സമീപം പൊളിഞ്ഞു വീഴാറായ ഷെഡിലാണ് ഓമന അമ്മയും മകൾ വത്സലയും മകളുടെ മകൾ ശ്രീദേവിയും മകൻ ശ്രീജിത്തും അടങ്ങിയ നാലംഗം കഴിയുന്നത്.
മൂന്നു പേരും ഗുരുതര അസുഖങ്ങൾ ബാധിച്ചവരാണ്. ഇവരുടെ സംരക്ഷണയിലാണ് ഓമന അമ്മയുടെ മകന്റെ മകളുടെ ഓട്ടിസം ബാധിച്ച കുഞ്ഞു മകനും കഴിയുന്നത്.
ഇത് മനസിലാക്കിയാണ് അവർ ഇപ്പോൾ താമസിക്കുന്ന പൊളിഞ്ഞു വീഴാറായ ഷെഡ് പൊളിച്ചുമാറ്റി അവിടെ അടച്ചുറപ്പുള്ള ഒരു ഷെഡ് പണിതുനൽകാൻ കൊട്ടാരക്കര അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ തീരുമാനിച്ചത്.
സുമനസുകളായ കുറേപ്പേർ പിന്തുണ നൽകി. ജില്ലാ ഫയർഓഫീസറും ജീവനക്കാരും ഉൾപ്പെടെ പലരും സഹായിച്ചു. കഴിഞ്ഞ ദിവസം വീടിന്റെ താക്കോൽ ജില്ലാ ഫയർഓഫീസർ ഹരികുമാറിൽനിന്നും ഓമനയമ്മ ഏറ്റുവാങ്ങി.