അടുത്തിടെ മലേഷ്യയിൽനിന്ന് ഒരു വാർത്ത പുറത്തുവന്നു. ഒരു സ്ത്രീയുടെ മൃതദേഹവുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത.
ഡോ. ഓമനയോടു സാമ്യമുള്ള ഒരു സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാൽ ജായസെലേങ്കോലിൽ കണ്ടെത്തിയത്രേ. കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
മരിച്ചതു മലയാളിയാണെന്നു തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ അറിയിപ്പുപ്രകാരം മൃതദേഹത്തിന്റെ ചിത്രം മലയാള പത്രത്തിൽ കൊടുത്തിരുന്നു.
ഫോട്ടോ കണ്ടപ്പോൾ വർഷങ്ങളായി ഒളിവിൽ കഴിയുന്ന ഡോ. ഓമനയോടു സാദൃശ്യമുണ്ടെന്ന തോന്നലിൽ പോലീസ് അന്വേഷണം തുടങ്ങി.
ഇതോടെ ഒാമനയുടെ കഥകൾക്കു വീണ്ടും ജീവൻ വച്ചു. പത്രമാധ്യമങ്ങളിൽ ഒാമനയെക്കുറിച്ചും പഴയ ആ കൊലപാതകത്തെക്കുറിച്ചുമുള്ള ഫീച്ചറുകൾ നിറഞ്ഞു. മരിച്ചത് ഒാമന തന്നെയാണെന്ന് ഉറപ്പിച്ച മട്ടിൽ ചില ഒാൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു.
എന്നാൽ, എല്ലാത്തിനും ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിച്ചത് ഓമനയല്ലെന്നും തിരുവനന്തപുരം വലിയതുറ സ്വദേശി ഒരു മെർലിൻ റൂബിയാണെന്നും തിരിച്ചറിഞ്ഞു. അതോടെ ആ അധ്യായം അടഞ്ഞു.
70 കിലോയോളം ഭാരമുള്ള ഒരു മനുഷ്യനെ തിരക്കുപിടിച്ച ഒരു റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ വച്ച് ആരുമറിയാതെ, ഒരു നിലവിളി പോലും കേൾപ്പിക്കാതെ, ചോരചിന്താതെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ചു രണ്ടു ദിവസം യാത്ര ചെയ്യാനുള്ള മനക്കട്ടി ഒരു യുവതിക്കുണ്ടായി എന്നതാണ് ഈ കേസിനെ രാജ്യശ്രദ്ധയിൽ എത്തിച്ചത്.
കാരണങ്ങളിലും
പോലീസ് പിടിച്ചപ്പോൾ ഓമന ആദ്യം പറഞ്ഞത് എന്റെ കുടുംബം തകർത്ത, എന്റെ ജീവിതത്തിനു ശല്യമായി മാറിയ മുരളീധരനെ ഞാൻ കൊന്നുവെന്നാണ്.
തന്നെ നിരന്തരമായി പീഡിപ്പിക്കുകയും കുടുംബബന്ധം തകർക്കുകയും ചെയ്തതുകൊണ്ടാണ് മുരളീധരനെ കൊന്നതെന്ന് അവർ പറഞ്ഞു.
പക്ഷേ, അതു പലർക്കും വിശ്വസിക്കാനായില്ല. കാരണം മുരളീധരനുമായി നല്ല അടുപ്പമായിരുന്നു അവർക്ക്.
അയാൾ പിന്നീട് ഇവരുടെ ജീവിതത്തിൽ ശല്യമായി മാറിയോയെന്നതു സംബന്ധിച്ച് ആർക്കും വലിയ സൂചനയില്ല.
ഇതിനിടെ, കേസിന്റെ ഒരു ഘട്ടത്തിൽ മുരളീധരൻ ജീവിച്ചിരിപ്പുണ്ടെന്നും കൊടൈക്കനാലിലേക്കുള്ള യാത്രയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവർ പോലീസിനോടു പറഞ്ഞു.
പുതിയ വാദങ്ങൾ
മുരളീധരനെ ആരോ ഒളിപ്പിച്ചിരിക്കുകയാണെന്നും അയാൾ മരിച്ചില്ലെന്നും ചോദ്യം ചെയ്യലിൽ പരസ്പരബന്ധമില്ലാതെ അവർ പറഞ്ഞിരുന്നു.
കേസിൽ റിമാൻഡിൽആയ ഇവർ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഓമനയ്ക്കെതിരായ കുറ്റപത്രം നിശ്ചിത സമയത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കാത്തതിനാലാണ് അവർക്കു ജാമ്യം ലഭിച്ചത്.
ഒളിവിൽ പോയതോടെ ഡോ. ഓമനയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
സംഭവം നടക്കുന്നതിനുമുൻപ് ഓമന മലേഷ്യയിൽ ജോലിചെയ്തിരുന്നു. ഒരുഘട്ടത്തിൽ മുരളീധരനെയും കൊണ്ടുപോയിരുന്നു.
സംഭവത്തിനു ശേഷവും അവർ മലേഷ്യയിലേക്കുതന്നെ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്നു പോലീസ് പറയുന്നു. തന്ത്രശാലിയായ ക്രിമിനലാണ് ഇവരെന്നു പോലീസ് വിലയിരുത്തുന്നു.
ഇത്രയും കാലം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ജോലി ചെയ്തു ജീവിക്കുന്നുണ്ടെങ്കിൽ അതവരുടെ സാമർഥ്യം തന്നെയാണ് വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട പരിശോധനയിൽ അവർക്കു മാനസിക പ്രശ്നങ്ങളില്ലെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്പോൾ അവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.
വേറിട്ട വഴികൾ
പയ്യന്നൂരിൽ ഡോക്ടറായി ജോലി തുടങ്ങിയപ്പോൾതന്നെ അവർ സാമൂഹികപ്രവർത്തനത്തിലും മുന്നിട്ടുനിന്നിരുന്നു. നേത്രസംരക്ഷണ സൊസൈറ്റിക്കു രൂപം നൽകി.
ബോധവത്കരണ പരിപാടികളിൽ പ്രസംഗിച്ചു. ഡോക്ടർമാരുടെ ചൂഷണത്തെക്കുറിച്ചും അമിത ഫീസിനെക്കുറിച്ചും പരസ്യമായി പ്രതികരിച്ചു.
ഒരുഘട്ടത്തിൽ ഐഎംഎയിൽനിന്നു രാജിവച്ചു. അന്ന് അവരുടെ ഭർത്താവ് തന്നെയായിരുന്നു ഐഎംഎയുടെ മേഖലാ പ്രസിഡന്റ്. അവരുടെ കുടുംബജീവിതം ആകെ താളപ്പിഴ നിറഞ്ഞതായിരുന്നു.
ഭർത്താവുമായി മിക്കപ്പോഴും വഴക്കായിരുന്നു. ഒരിക്കൽ മാത്രമാണ് അവർ ഭർത്താവിന്റെ വീടായ കൊല്ലത്തേക്കു പോയത്.
വീട്ടിൽ അവർ എന്നും ഒരു പിസ്റ്റൾ സൂക്ഷിച്ചിരുന്നു. ധീരയായി പെരുമാറുമ്പോഴും എന്തോ ഭയം ഒരു നിശാവസ്ത്രം പോലെ അവർക്കൊപ്പം ഉണ്ടായിരുന്നുവത്രേ.
ഈ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അവർ പറഞ്ഞിരുന്നു. ഓമന 2009ൽ നാട്ടിലുള്ള മകളെ വിളിച്ചതായി റിപ്പോർട്ടുണ്ട്.
ഏതായാലും പിന്നീട് അവരെക്കുറിച്ച് ഒരു വിവരവുമില്ല. രണ്ടു മക്കളിൽ ഒരു മകൻ മരിച്ചു. ഏതായാലും ഓമനയ്ക്കു മുന്നിൽ തോറ്റതു പോലീസ് തന്നെ!
(അവസാനിച്ചു).
തയാറാക്കിയത്: എൻ.എം