പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തെ കളിയാക്കി ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ചുള്ള പുസ്തകത്തെ ആസ്പദമാക്കി നിർമിക്കുന്ന ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിന്റെ ചുവടുപിടിച്ചായിരുന്നു പരിഹാസം.
“ജീവിതം അനീതിയാണ്. ഡോ.മൻമോഹൻ സിംഗിനെ അവതരിപ്പിക്കാൻ അനുപം ഖേറിനെപ്പോലെ കഴിവുള്ള നടനെ ലഭിച്ചു. പാവം മോദിക്ക് വിവേക് ഒബ്റോയിയെക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സൽമാൻ ഖാൻ വന്നിരുന്നെങ്കിൽ എന്തു രസമായിരുന്നേനെ’ എന്നായിരുന്നു നാഷണൽ കോണ്ഫറൻസ് വൈസ് പ്രസിഡന്റ് കൂടിയായ ഒമറിന്റെ ട്വീറ്റ്.
മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന “പി.എം. നരേന്ദ്രമോദി’യെന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ നരേന്ദ്ര മോദിയുടെ വേഷം അവതരിപ്പിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പോസ്റ്റർ പുറത്തുവിട്ടത്. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
മേരികോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ ഒരുക്കിയ ഓമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ജനുവരി പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ നിർമിച്ചിരിക്കുന്നത്. അനുപം ഖേർ മൻമോഹന്റെ വേഷം കൈകാര്യം ചെയ്യുന്പോൾ അക്ഷയ് ഖന്ന സഞ്ജയ് ബാരുവായി വേഷമിടും. ജർമൻ നടി സൂസൻ ബെർനെറ്റാണ് സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ബിജെപി ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പത്തു വർഷം ഇന്ത്യയെ തടവിലാക്കിയ കുടുംബത്തിന്റെ കഥയാണ് ഇതെന്ന് ബിജെപി ട്വീറ്റ് ചെയ്തു. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.