മലയാളത്തിലെ അതിപ്രഗത്ഭരായ സംവിധായകരെ കുറ്റം പറയുന്നവരോട് പുച്ഛം മാത്രം! അത്തരക്കാര്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ് ചെയ്യുന്നത്; സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളും ഹിറ്റുകളും തീര്‍ത്ത സംവധായക പ്രതിഭകളെ അതിക്ഷേപിക്കുന്നവര്‍ മലര്‍ന്ന് കിടന്ന തുപ്പുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. നവാഗത സംവിധായകരുമായി താരതമ്യം ചെയ്യുകയും അവരെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം.

ഒമറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
എന്തിനേയും വിമര്‍ശനാത്മകമായി സമീപിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഇത് കുറച്ച് അതിരു വിടുന്നില്ലേ? പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിദ്ധിക്ക് – ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയ മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന തരത്തില്‍ പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകളിലും, കമന്റുകളിലും കണ്ടു. ഇത്തരക്കാരോട് പുച്ഛം മാത്രം. ഇതില്‍ സിദ്ധിഖ് സാറും, പ്രിയന്‍ സാറും മലയാളവും കടന്ന് തമിഴിലും, അങ്ങ് ബോളിവുഡിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവര്‍.

ഇറ്റാലിയന്‍ നിയോറിയലിസവും, ഫ്രഞ്ച് നവതരംഗ ചിത്രങ്ങളും, കൊറിയന്‍ പടങ്ങളുമെല്ലാം കണ്ട പെറ്റി ഹാങ്ങോവറില്‍ നമ്മളോരോരുത്തരേയും ഒരുപാട് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ചലച്ചിത്രകാരന്മാരെയും, അവരുടെ ചിത്രങ്ങളേയും ഒറ്റ നിമിഷം കൊണ്ട് ഓവര്‍ റേറ്റഡ് ആക്കുന്നതിലൂടെ ഇത്തരക്കാര്‍ ചെയ്യുന്നത് മലര്‍ന്നു കിടന്ന് തുപ്പുക തന്നെയാണ്. കിലുക്കവും, ഇന്‍ ഹരിഹര്‍ നഗറും, പൊന്‍മുട്ടയിടുന്ന താറാവുമെല്ലാം ഇന്നും ടി.വിയില്‍ കാണുമ്പോള്‍ ഒരുപാട് ആസ്വദിക്കുന്ന സിനിമകളാണ്.

ഓരോ മലയാളിയുടേയും തീന്മേശയില്‍ വിളമ്പാതെ രുചിക്കുന്ന വിഭവമുണ്ടെങ്കില്‍ അത് ആ നേരത്ത് ടി.വിയില്‍ കോമഡി ഷോസില്‍ വരുന്ന പ്രിയദര്‍ശന്റേയും, ശ്രീനിയേട്ടന്റെയും സിദ്ധിക്ക് – ലാല്‍ ടീമിന്റേയുമെല്ലാം ചിത്രങ്ങളാണ്. ഇവരേയും, ഇവരുടെ ചിത്രങ്ങളേയും ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്ത നവതരംഗ റിയലിസ്റ്റിക് മേക്കേര്‍സുമായ് താരതമ്യപ്പെടുത്തി താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന രീതി അപഹാസ്യകരവും, അല്‍പത്തരവും മാത്രമാണ്. ഇങ്ങനെ പോയാല്‍ വൈന്‍ യാര്‍ഡുകയും, ഒലീവ് മരക്കൂട്ടവും ടോപ്പ് റേറ്റഡും, പാടവും, പുഴയുമെല്ലാം ഓവര്‍ റേറ്റഡും ആക്കുന്ന കാലം വിദൂരമല്ല.

 

Related posts