സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പ്രതിഷേധം ശക്തം. തന്റെ ചിത്രത്തെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്കെതിരെയായിരുന്നു ഒമര്‍ ലുലുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങളാണ് ഒമര്‍ ലുലുവിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. രണ്ട് ചിത്രത്തിലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒരുപാടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകനെതിരെ പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.
തന്റെ ചിത്രം ചങ്ക്സിന്റെ ഡിവിഡി പുറത്തിറങ്ങിയത് അറിയിച്ചു കൊണ്ട് പ്രശസ്ത സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോയില്‍ ഒമര്‍ ലുലു പോസ്റ്റിട്ടിരുന്നു. ഇതിന് കറന്റ് ക്യാഷെങ്കിലും മുതലാകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയമാണ് എന്ന് മനു വര്‍ഗ്ഗീസ് എന്നയാള്‍ കമന്റ് ചെയ്തു. ഈ കമന്റിനെ അനുകൂലിച്ച് പൊളി എന്ന് അഭിരാമി ആമി എന്ന പെണ്‍കുട്ടി റീപ്ലെ നല്‍കി. തുടര്‍ന്ന് അഭിരാമിയ്ക്ക് മറുപടിയുമായി ഒമര്‍ ലുലു രംഗപ്രവേശനം നടത്തുകയായിരുന്നു. ആരാ പൊളിച്ചത് എന്നായിരുന്നു ഒമറിന്റെ മറുപടി.
ഒപ്പം അശ്ലീല അര്‍ത്ഥം വരുന്ന തരത്തിലുള്ള മീമുമുണ്ടായിരുന്നു. ഒമര്‍ ലുലുവിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രതിഷേധം ഉയരുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിലൂടേയും കമന്റിലൂടേയും ഒമര്‍ ലുലുവിനെതിരെ രംഗത്തെത്തിയത്. ഇതോടെ മാപ്പ് ചോദിച്ച് ഒമര്‍ ലുലു തടിതപ്പുകയായിരുന്നു. ഫേസ്ബുക്കിലെ എഫ്.എഫ്.സി ഗ്രുപ്പാണെന്ന് തെറ്റിദ്ധരിച്ചാതാണെന്നും അഭിരാമി എന്നത് ഫെയ്ക്ക് അക്കൗണ്ട് ആണെന്നാണ് കരുതിയതെന്നുമായിരുന്നു ഒമറിന്റെ ന്യായീകരണം.