ഇന്റര്‍നെറ്റില്‍ കയറിയാല്‍ ഇപ്പോള്‍ മാണിക്യ മലരെന്ന ഗാനവും പ്രിയ എന്ന പെണ്‍കുട്ടിയുടെ കണ്ണിറുക്കലും അതുമായി ബന്ധപ്പെട്ട കഥകളും മാത്രമേ കേള്‍ക്കാനുള്ളു. അതേസമയം ചിത്രത്തെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകളും പരക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയും പാട്ടിന്റെയും അഭിനേതാക്കളുടെയും വിശേഷങ്ങള്‍ പങ്കുവച്ചും അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മനസുതുറക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു…
എല്ലാവരെയും പോലെ പ്രിയയെയും ഒഡിഷനിലൂടെയാണ് കണ്ടെത്തുന്നത്. ചിത്രത്തില്‍ ചെറിയ ഒരു റോളിലേക്കാണ് പ്രിയയെ തെരഞ്ഞെടുത്തത്. പക്ഷേ, പ്രിയ ശരിക്കും അത്ഭുതപ്പെടുത്തി. ഇത്ര മനോഹരമായി ചെയ്യുമെന്ന് കരുതിയില്ല. ഡബ്‌സ്മാഷിലൂടെയാണ് ഈ സിനിമയിലെ താരങ്ങളെയെല്ലാം കണ്ടെത്തുന്നത്. റോഷനും പ്രിയയും അഭിനയിച്ച ഒരു രംഗം ഷൂട്ട് ചെയ്തപ്പോള്‍ എനിക്കു തോന്നി ഇവര്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണെന്ന്. പെട്ടന്ന് റോഷന്റെ ഒരു ഡബ് സ്മാഷ് എനിക്ക് ഓര്‍മ്മ വന്നു. അതില്‍ റോഷനിങ്ങനെ പുരികം പൊക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യാമോ എന്നു ഞാന്‍ റോഷനോടു ചോദിച്ചു. ചെയ്യാമെന്നു റോഷന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പ്രിയയോട് പ്രിയക്ക് ഇങ്ങനെ ചെയ്യാന്‍ അറിയാമോ എന്നു ചോദിച്ചു.
പ്രിയ അതിഗംഭീരമായി ചെയ്തു. അപ്പോള്‍ തന്നെ ആ ഷോട്ടില്‍ അതുള്‍പ്പെടുത്താമെന്നു തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പാട്ടിലേക്കു ഈ സീന്‍ കൊണ്ടുവന്നു. പ്രണയം പ്രകടിപ്പിക്കാനുള്ള ഏറ്റവും മനോഹരമായ മാര്‍ഗമായി ആ കണ്ണിറുക്കലിനെയും പുരികം പൊക്കലിനെയും തോന്നി. പാട്ട് ഹിറ്റായതോടെ തിരക്കഥയില്‍ മാറ്റമുണ്ടാകുമെന്ന് പറഞ്ഞു കേട്ടിരുന്നു. പക്ഷേ അത് തെറ്റാണ്. അങ്ങനെ കഥയോ തിരക്കഥയോ മാറ്റേണ്ട ആവശ്യമില്ല. കാരണം എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്വ്. പ്രത്യേകിച്ചും എല്ലാ പുതുമുഖങ്ങളായതിനാല്‍. അതുകൊണ്ടുതന്നെ മാറ്റം വരുത്തേണ്ട ആവശ്യം നിലവില്‍ ഇല്ല.