അങ്ങനെയൊന്നും ചെയ്യല്ലേ പ്ലീസ്… അഡാര്‍ ലവ് ഞങ്ങള്‍ കൂവി തോല്‍പ്പിക്കും എന്ന കമന്റുകള്‍ വേദനിപ്പിക്കുന്നു, റിലീസാവുന്നതിന് മുന്നേ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്: കരഞ്ഞുകൊണ്ട് ഒമര്‍ ലുലു അപേക്ഷിക്കുന്നു

തന്റെ സിനിമ പരാജയപ്പെടുത്താന്‍ ഒരുകൂട്ടം ആളുകള്‍ തയാറെടുക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. ഈ മാസം പതിനാലിനാണ് ഒരു അഡാര്‍ ലവ് റിലീസ് ചെയ്യുന്നത്. ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്.

ഏതു പ്രൊമോഷന്‍ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ ‘ഈ പടം പൊട്ടും’ , ‘ഞങ്ങള്‍ കൂവി തോല്‍പ്പിക്കും’, ‘പടം ഇറക്ക് കാണിച്ചു തരാം’ തുടങ്ങിയ കമന്റുകള്‍ ആണ്.
വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന്‍ ആണ് ഞാന്‍, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്.

പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബജറ്റില്‍ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്.

തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍ അവര്‍ക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത് തികച്ചും വേദനാജനകമാണ്.

സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു ചെയ്ത അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപെടുകയാണെങ്കില്‍ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോര്‍ട്ട് ചെയ്ത് വിജയിപ്പിക്കണം , എങ്കില്‍ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്കും , സംവിധായകര്‍ക്കും ഒരു പ്രചോദനമാകും അത്. എല്ലാവരും മനസ്സറിഞ്ഞു കൂടെ നില്‍ക്കും എന്ന പ്രതീക്ഷയോടെ , ഒമര്‍ ലുലു.

Related posts