ചവറ: വിദേശത്ത് നിന്നും ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം പോലിസീന് കീഴടങ്ങി.
വൈകുന്നേരത്തോടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.
നീണ്ടകര നീലേശ്വരം തോപ്പില്‍ ശരണ്യ ഭവനില്‍ ശരണ്യയാണ് (35) മരിച്ചത്.
ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനത്തില്‍ ബിനു (40) ആണ് സംഭവത്തിനു ശേഷം ചവറ പോലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം.
പോലീസ് പറയുന്നത്: പ്രണയിച്ച് വിവാഹിതരായ ബിനുവിന് വിദേശത്ത് ജോലിയായിരുന്നു.
ശരണ്യയോട് നല്ല സ്നേഹത്തിലായിരുന്ന ബിനുവിന് കുറച്ചുകാലമായി ശരണ്യയെ സംശയമായിരുന്നു.
ഒരാഴ്ചയ്ക്ക് മുമ്പ് വിദേശത്ത് നിന്നെത്തിയ ബിനുവും ശരണ്യയും ഭര്‍ത്താവിന്റെ വീടായ എഴുകോണില്‍ താമസിച്ചതിനു ശേഷം രണ്ട് ദിവസം മുമ്പാണ് ബിനുവുമായി വഴക്കിട്ട ശേഷം ശരണ്യ നീണ്ടകരയിലെത്തിയത്.
ശരണ്യയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോട് എഴുകോണില്‍ നിന്നും നീണ്ടകരയിലെത്തിയ ബിനു പെട്രോളുമായി എത്തിയ ശേഷം ശരണ്യയുടെ വീടിന് സമീപത്ത് ഒളിച്ചിരുന്നു.
ശരണ്യയുടെ അച്ഛന് സൈക്കിളില്‍ പുറത്ത് പോയ സമയത്ത് പെട്രോളുമായി അടുക്കളയിലെത്തുകയും പാചകം ചെയ്തു കൊണ്ടിരുന്ന ശരണ്യയുടെ ദേഹത്ത് ഒഴിക്കുകയും ആയിരുന്നു .
അടുപ്പില്‍ നിന്നും തീ പടര്‍ന്ന് ശരണ്യയുടെ ദേഹത്ത് തീ പടരുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.
ബിനുവിന്റെ കൈയ്ക്കും പൊള്ളലേറ്റു. ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലായിരുന്ന ശരണ്യ വൈകുന്നേരം 6.15 ഓടെ മരിച്ചു. മക്കൾ: നിമിഷ, നിഖിത. ചവറ പോലീസ് ബിനുവിനെ കോടതിയിൽ ഹാജരാക്കി.