ആരോഗ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച്ച, വികാസം എന്നിവയ്ക്ക് അവശ്യം. ഇപിഎ, ഡിഎച്ച്എ, എഎൽഎ എന്നിങ്ങനെ ഒമേഗ 3 പലതരം. ശരീരം ഇവ ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ഇതു ലഭ്യമാകുന്നത്.
തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് അവശ്യപോഷകം. ആഴ്ചയിൽ രണ്ടുതവണ അയല, മത്തി തുടങ്ങിയ ചെറുമീനുകൾ കറിവച്ചുകഴിക്കുന്നത് ഒമേഗ 3 യുടെ ലഭ്യതയ്ക്കു സഹായകം. ഒമേഗ 3 ഫാറ്റി ആസിഡ് സമൃദ്ധമാണു മീനെണ്ണ.
ഒമേഗ 3 കുറഞ്ഞാൽ…
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കുറവുളളവർക്ക് ക്ഷീണം, ഓർമക്കുറവ്, ചർമത്തിനു വരൾച്ച, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷൻ തുടങ്ങിയവയ്ക്കു സാധ്യതയേറും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഒമേഗ 3 ഫാറ്റി ആസിഡുകൾ അവശ്യം. പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഒമേഗ3 ഫാറ്റി ആസിഡുകൾ.
മീനിൽ മാത്രമല്ല ഒമേഗ 3
ഉഴുന്ന്, രാജ്മാ, മീനെണ്ണ, കടുകെണ്ണ, സോയാബീൻ, കാബേജ്, കോളിഫ്ളവർ, സോയാബീൻ, വാൽനട്ട്, തവിടു കളയാത്ത ധാന്യങ്ങൾ, വെളുത്തുളളി, ഒലിവ് എണ്ണ, പരിപ്പുകൾ തുടങ്ങിയവയിലും ഒമേഗ 3 ധാരാളം. പാംഓയിലിൽ ഉളളതിലുമധികം ഒമേഗ 3 കടുകെണ്ണയിലുണ്ട്. ഏറ്റവുമധികം ഒമേഗ 3 ഉളള പാചക എണ്ണയും കടുകെണ്ണ തന്നെ.
കൊളസ്ട്രോൾ നിയന്ത്രണത്തിന്
ഹൃദയാരോഗ്യത്തിനു ഗുണകരമായ എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോളിന്റെ തോതു കൂട്ടുന്നതിന് ഒമേഗ 3 സഹായകം. ഡിഎച്ച്എ എന്ന ഒമേഗ 3 ഫാറ്റി ആഡിഡ് ട്രൈ ഗ്ലിസറൈഡുകൾ എന്നറിയപ്പെടുന്ന രക്തത്തിലെ കൊഴുപ്പിന്റെ തോതു കുറയ്ക്കുന്നു. അങ്ങനെ ടോട്ടൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കിയാൽ ഹൈപ്പർടെൻഷൻ(ഉയർന്ന ബിപി) ഉളളവരുടെ രക്തസമ്മർദം കുറയ്ക്കാം. ഉയർന്ന ബിപിക്കു ചികിത്സതേടുന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഒമേഗ 3 ഭക്ഷണക്രമം സ്വീകരിക്കാം.
ഹൃദയരോഗങ്ങൾ തടയുന്നതിന്
ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയരോഗ സാധ്യതയും കുറയ്ക്കുന്നു. സ്ട്രോക്, ഹൃദയാഘാതം, ഹൃദയമിടിപ്പിൽ ക്രമവ്യതിയാനം തുടങ്ങിയവയ്ക്കുളള സാധ്യതയും കുറയ്ക്കുന്നു. തലച്ചോറിലേക്കുളള രക്തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുന്നതും രക്തം കട്ടപിടിക്കുന്നതും തടയുന്നു. ധമനികളുടെ കട്ടികൂടി ഉൾവ്യാസം കുറയുന്ന ആർട്ടീരിയോ സ്ളീറോസിസ് എന്ന രോഗം തടയുന്നതിനും ഒമേഗ 3 സഹായകം.
പ്രായമായവരുടെ ആരോഗ്യജീവിതത്തിന്
സന്ധികളിൽ നീരും വേദനയുമുണ്ടാക്കുന്നതാണ് റുമാറ്റോയ്ഡ് ആർത്രൈറ്റിസ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതായി ഠനങ്ങൾ പറയുന്നു. ശരീരത്തിലെ കാൽസ്യത്തിന്റെ തോതു കൂട്ടുന്നതിനും എല്ലുകളുടെ കരുത്തു മെച്ചപ്പെടുത്തി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും ഒമേഗ 3 സഹായകമെന്നു ചില പഠനങ്ങൾ സൂചന നല്കുന്നു.
ഡിപ്രഷന്റെ (വിഷാദരോഗം)തോതു കുറയ്ക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ ഗുണകരമെന്നു ഗവേഷകർ. പ്രായമാകുന്നതോടെ കണ്ണുകളെ ബാധിക്കുന്ന മാകുലാർ ഡീജനറേഷൻ എന്ന രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കുന്നതിനും ഒമേഗ 3 ഡയറ്റ് സഹായകം.
വിവിധ ജീവിതശൈലീരോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ അത് പൂർണമായും ഒഴിവാക്കിയശേഷം ഒമേഗ 3 ഡയറ്റ് (ആഹാരക്രമം) മാത്രം ശീലമാക്കുന്നതും നല്ലതല്ല. ഇക്കാര്യത്തിൽ ചികിത്സകന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സ്വയംചികിത്സ പാടില്ലെന്നു ചുരുക്കം.
ഒമേഗ 3 ശ്വാസനാളത്തിലെ നീർവീക്കം കുറയ്ക്കുന്നതിനാൽ ആസ്്ത്്മ പ്രശ്നങ്ങൾ കുറയ്ക്കുന്നു. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ഓർമസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നതിനും ഒമേഗ 3 സഹായകമെന്നു ചില പഠനങ്ങൾ പറയുന്നു.
ഒമേഗ 3 യുടെ കുറവ് കുട്ടികളിൽ ഓർമക്കുറവിനും പഠനപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മീനെണ്ണ ഗുണപ്രദമാണെന്ന് ഗവേഷകർ.
ഒമേഗ 3 ഫാറ്റി ആസിഡുകൾ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് കല്ലുകൾ രൂപപ്പെടുന്നതു തടയുന്നതായി പഠനങ്ങളുണ്ട്. ഹൃദയം, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാകാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ.
കാൻസർ, സന്ധിവാതം എന്നിവ തടയുന്നതിനും ഒമേഗ 3 സഹായകം. ഗർഭിണികൾക്കു മതിയായ തോതിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ലഭ്യമായില്ലെങ്കിൽ കുഞ്ഞിന് കാഴ്ച, നാഡി സംബന്ധമായ പ്രശ്നങ്ങൾക്കുളള സാധ്യതയുണ്ടെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാൻസർസാധ്യത കുറയ്ക്കുന്നതിന്
കുടലിലെ കാൻസർസാധ്യത കുറയ്ക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായകമെന്നു പഠനങ്ങൾ. ഒമേഗ 3 സമൃദ്ധമായ ആഹാരക്രമം ശീലമാക്കിയ സ്ത്രീകളിൽ സ്തനാർബുദസാധ്യത കുറയുമെന്നു പഠനങ്ങൾ പറയുന്നു. പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കുന്നതിനും
സഹായകം.
അമിതമാകരുത്
ഒമേഗ 3 അടങ്ങിയ ആഹാരം അമിതമാകരുത്. ചിലതരം കടൽമീനുകളിൽ പലപ്പോഴും മെർക്കുറി, പിസിബി, മറ്റു വിഷമാലിന്യങ്ങൾ തുടങ്ങിയവയുടെ ഉയർന്ന അളവിലുളള സാന്നിധ്യം ഗവേഷകർ കണ്ടെത്തിടയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണകളും പരിപ്പുകളും അമിതമായി കഴിക്കുന്നതും നന്നല്ല. അധികമായാൽ അമൃതും വിഷം. എന്നാൽ ഒമേഗ 3 അടങ്ങിയ ഭക്ഷണം അമിതമാകാനും പാടില്ല. മീൻ കഴിക്കുന്നത് ആഴ്ചയിൽ രണ്ടു തവണയായി പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യകരം; അതും കറിയാക്കി കഴിക്കുന്നതാണ് ഉചിതം. പ്രമേഹനിയന്ത്രണത്തിനും ഒമേഗ 3 ഒരു പരിധിവരെ സഹായകം.