സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഒമിക്രോണ്‍ വൈറസ് കോവിഡ് പ്രതിരോധത്തിൽ പുതിയ വെല്ലുവിളികൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്നവർക്ക് പുതുക്കിയ മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
പുതിയ വൈറസ് വകഭേദം പല രാജ്യങ്ങളിലും പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ള സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്നു വരുന്ന എല്ലാ യാത്രക്കാരും കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും കോവിഡ് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലം കൈയിൽ കരുതുകയും വേണം.
വൈറസുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ ഇന്ത്യയിലെത്തിയതിനു ശേഷം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
പോസിറ്റീവാകുന്ന സാന്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കർശനമായ ക്വാറന്റൈൻ നടപടികൾ സ്വീകരിക്കും.
അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നു വരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവയാലും ഇവർ ഏഴു ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാരെ മുഴുവനായും പരിശോധനയ്ക്ക് വിധേയരാക്കില്ലെങ്കിലും ഇവർക്കിടയിൽനിന്ന് സാന്പിളുകൾ ശേഖരിക്കും.
പരിശോധന ഫലം നെഗറ്റീവ് ആയാലും രോഗ ലക്ഷണങ്ങൾ ഇലാതിരുന്നാലും മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ രണ്ടാഴ്ചയോളം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.