ജനീവ: കോവിഡ്-19 വൈറസിന്റെ ഒമിക്രോൺ വകഭേദം ലോകത്ത് അതിവേഗം പടർന്നുപിടിക്കുന്നതായി ലോകാരോഗ്യസംഘടന.
നിലവിൽ 89 രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിവർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
നവംബർ 26 നാണ് ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയതത്. ഒമിക്രോൺ വൈറസിന്റെ പ്രഹരശേഷി സംബന്ധിച്ചും വാക്സിൻ പ്രതിരോധം സംബന്ധിച്ചും കൂടുതൽ പഠനങ്ങളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല.
യൂറോപ്പിൽ ഒമിക്രോൺ മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും പുതുവർഷത്തിൽ ഫ്രാൻസിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കസാറ്റസ് പറഞ്ഞു.
യുകെയിൽനിന്ന് രാജ്യത്ത് പ്രവേശിക്കുന്നതിന് ഫ്രാൻസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വരെ യുകെയിൽ 15,000 ഒമിക്രോൺ കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമനി, അയർലൻഡ്, നെതർലൻഡ്സ് രാജ്യങ്ങൾ വെള്ളിയാഴ്ച കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.