ടൊറന്റോ: ഒമിക്രോൺ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കാനഡയിലും കണ്ടെത്തി. നൈജീരിയയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്.
ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാനഡ ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് ജാഗ്രതാ നിർദേശം നൽകിയ കനേഡിയൻ ഭരണകൂടം ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യാത്രാ വിലക്കും ഏർപ്പെടുത്തി.
യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയും പരിശോധന കർശനമാക്കിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചുകഴിഞ്ഞു.
ഒമിക്രോൺ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.