കോഴിക്കോട് : ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഡോക്ടറുടെയും കുടുംബത്തിന്റെയും റൂട്ട് മാപ്പ് തയാറാക്കുന്നു. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ട്രെയിനിലും അല്ലാതേയും ഡോക്ടര്‍ യാത്ര ചെയ്തതായാണ് വിവരം.
ഈ വിവരങ്ങളുള്പ്പെടുത്തിയാണ് റൂട്ട്മാപ്പ് തയാറാക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് കോര്പറേഷന് പരിധിയിലാണ് താമസിക്കുന്നതെങ്കിലും പ്രദേശവാസികളുമായും മറ്റും ഇവര്‍ക്ക് സമ്പര്‍ക്കമില്ല.
അതേസമയം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഡോക്ടറേയും അമ്മയേയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. അതേസമയം കോവിഡ് പോസിറ്റീവാണ്. 21-ന് വിദേശത്തുനിന്നെത്തിയ ഡോക്ടര്‍ക്ക് 26 നാണ് കോവിഡ് പോസിറ്റീവായത്.
തുടര്‍ന്നു ഡോക്ടര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഒമിക്രോണ്‍ സാധ്യതയുള്ള രാജ്യത്തില്‍നിന്നു വന്നതിനാല്‍ ഡോക്ടര്‍ കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
അതിനിടെ അമ്മയ്ക്കും കോവിഡ് പോസിറ്റീവായി. ഇവരുടെ സ്രവം ഇന്നു പരിശോധനയ്ക്കായി അയയ്ക്കാനാണ് തീരുമാനം.
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ ജനിതക ശ്രേണീകരണം നടത്തിയ ശേഷമാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുക.
ജാഗ്രതയില്‍
കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ലോകത്തു പല ഭാഗങ്ങളിലായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ . ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായി പാലിച്ചു വരുന്ന ശീലങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം. മാസ്ക് വായയും മൂക്കും മറയും വിധം ശരിയായി ധരിക്കുക, ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, ആളുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കുക , കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണു വിമുക്തമാക്കുക എന്നിവ വിട്ടുവീഴ്ച വരുത്താതെ എല്ലാവരും പാലിക്കണം.
കോവിഡ് പ്രതിരോധ വാക്സിന് എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്നു വാക്സിനെടുത്ത് സുരക്ഷിതരാകണം. രണ്ടാം ഡോസെടുക്കാന്‍ സമയമായവര്‍ കൃത്യമായ ഇടവേളയില്‍ അതു കൂടി എടുത്തു വാക്സിനേഷന് പൂര്‍ത്തീകരിക്കണം.
കോവിഷീല്‍ഡ് വാക്സിനെടുത്ത് 84 ദിവസത്തിനു ശേഷവും കോവാക്സിന് 28 ദിവസത്തിനു ശേഷവും രണ്ടാം ഡോസെടുക്കാം. കോവിഡ് പോസിറ്റീവായവര്‍ രോഗം ഭേദമായി മൂന്ന് മാസത്തിനു ശേഷം വാക്സിനെടുക്കണമെന്നും ഡിഎംഒ അറിയിച്ചു.