ജനീവ: ഒമിക്രോണ്‍ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പ്രത്യേകിച്ച് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവർക്കാണ് ഒമിക്രോണ്‍ അപകടകരമാകുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ആഗോളതലത്തിൽ കേസുകളുടെ വൻ കുതിച്ചുചാട്ടത്തിന് കാരണം ഒമിക്രോണ്‍ ആണ്. ഡെൽറ്റയേക്കാൾ തീവ്രത കുറഞ്ഞ രോഗമാണ് ഒമിക്രോണ്‍.
എന്നാൽ വാക്സിൻ എടുക്കാത്തവർക്ക് ഇത് അപകടകരമായ വൈറസ് ആണ്.
നിരവധി പേർ വാക്സിനെടുക്കാത്തപ്പോൾ ഇതിനെ നിസാരമായി കാണരുത്. ആഫ്രിക്കയിൽ 85 ശതമാനം ആളുകൾക്ക് ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ല.
ഈ വിടവ് നികത്താൻ സാധിച്ചില്ലെങ്കിൽ ഈ രോഗത്തെ കീഴടക്കാൻ കഴിയില്ല.
എല്ലാ രാജ്യങ്ങളും ഈ വർഷം പകുതിയോടെ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിൻ നൽകണമെന്നും ടെഡ്രോസ് പറഞ്ഞു.
എന്നാൽ 90 രാജ്യങ്ങൾ ഇപ്പോഴും വാക്സിനേഷൻ 40 ശതമാനത്തിൽ എത്തിയിട്ടില്ല. 36 രാജ്യങ്ങൾ ഇപ്പോഴും പത്ത് ശതമാനത്തിൽ താഴെയാണ് വാക്സിൻ നൽകിയിരിക്കുന്നതെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.