വാഷിംഗ്ടണ്‍ ഡിസി: ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളിൽ ഒമിക്രോണ്‍ വ്യാപനം തീവ്രമായിരിക്കുമെന്നും യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി മുന്നറിയിപ്പു നൽകി.
ജനുവരി 16 ഞായറാഴ്ചയാണ് ഇതുസംബന്ധിച്ചു വിവേക് മൂർത്തി പരസ്യപ്രഖ്യാപനം നടത്തിയത്.
അമേരിക്കയിൽ പ്രതിദിനം 800000 കേസുകൾ പുതിയതായി ഉണ്ടായി കൊണ്ടിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ന്യൂയോർക്ക് തുടങ്ങി സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വ്യാപനം നേരത്തെ തുടങ്ങിയെന്നും, അത് മറ്റു സംസ്ഥാനങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നു.
പല സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കുന്നതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു.
കോവിഡ് രോഗികളെ ഉൾകൊള്ളുന്നതിനുള്ള സൗകര്യങ്ങൾ പല ആശുപത്രികളിലും പരിമതമാണ്.
ഇപ്പോൾ ലഭിക്കുന്ന കോവിഡ് വാക്സിൻ വളരെ പ്രയോജനം ചെയ്യുന്നതാണെന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ഡോ. മൂർത്തി നിർദേശിച്ചു.
പ്രൈവന്റ് ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിൻ സ്വീകരിക്കുന്നതോ, ടെസ്റ്റ് നടത്തുന്നതിനോ നിർബന്ധിക്കുന്നതിൽ നിന്നും ബൈഡൻ ഭരണക്കൂടത്തെ തടഞ്ഞു കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച ഉത്തരവ് നിരാശാജനകമാണെന്നും മൂർത്തി അഭിപ്രായപ്പെട്ടു.
പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസ് എടുത്തവർക്കും കോവിഡ് വീണ്ടു വരാമെങ്കിലും കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും ഡോ. മൂർത്തി പറഞ്ഞു.
പി.പി. ചെറിയാൻ